വൈദ്യുതി കരാര്‍ തര്‍ക്കത്തിന് പരിഹാരമാകുന്നു; പുതിയ കരാര്‍ സാധ്യത തേടാന്‍ ധാരണ



തിരുവനന്തപുരം: വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവച്ച വൈദ്യുതി പര്‍ച്ചേസ് വിവാദം സമവായത്തിലേക്ക്. ക്ലിഫ് ഹൗസിലെ ചര്‍ച്ചയില്‍ മഞ്ഞുരുകി. മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരായ സണ്ണി ജോസഫും രമേശ് ചെന്നിത്തലയും ചര്‍ച്ചയില്‍ പങ്കെടുത്തു. കെഎസ്ഇബി എംഡിയുമായി പ്രത്യേകം ചര്‍ച്ച നടത്തിയത് അല്ലെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം കണ്ടതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിലവില്‍ വൈദ്യുതി ക്ഷാമം ഇല്ലെന്നും രണ്ട് മാസത്തേക്ക് വൈദ്യുതി വാങ്ങേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സണ്ണി ജോസഫ് ചര്‍ച്ചയില്‍ എതിര്‍പ്പൊന്നും ഉയര്‍ത്തിയില്ല. ഭാവി മുന്നില്‍ കണ്ട് പുതിയ കരാര്‍ സാധ്യത തേടാന്‍ ധാരണയായി. ചര്‍ച്ചയില്‍ രമേശ് ചെന്നിത്തലയും പങ്കെടുത്തു. ബോര്‍ഡ് – കോര്‍പറേഷന്‍ ചര്‍ച്ചക്കിടെ ആയിരുന്നു വൈദ്യുതി വിവാദത്തിലെ ചര്‍ച്ച. ജിഎന്‍എ കരാര്‍ പിന്മാറ്റം അറിഞ്ഞില്ലെന്ന സണ്ണി ജോസഫിന്റെ തുറന്നു പറച്ചില്‍ വിവാദമായിരുന്നു.

ജിഎന്‍എയുമായുള്ള വൈദ്യുതി കരാര്‍ റദ്ദാക്കിയതിലും ഹിമാചലില്‍ നിന്നുള്ള വൈദ്യുതി വാങ്ങല്‍ നീക്കത്തെ സംശയ നിഴലിലാക്കിയതിലുമാണ് വൈദ്യുതി മന്ത്രി സണ്ണി ജേസഫിന് അതൃപ്തിയുണ്ടായത്. ജിഎന്‍എയില്‍ നിന്ന് തല്‍ക്കാലം വൈദ്യുതി വാങ്ങില്ലെന്ന് താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് അദ്ദേഹം പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായും ഊര്‍ജ സെക്രട്ടറിയുമായും മുഖ്യമന്ത്രി സംസാരിച്ചു എന്നാണ് താന്‍ വാര്‍ത്തകളില്‍നിന്നു മനസിലാക്കിയതെന്നും മന്ത്രി പറയുകയുണ്ടായി. മന്ത്രിയെ അവഗണിച്ച് പവര്‍ സെക്രട്ടറിയും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിച്ചതില്‍ മന്ത്രിക്കുള്ള കടുത്ത പ്രതിഷേധമാണ് മറനീക്കി പുറത്തുവന്നത്.

അതേസമയം വൈദ്യുതി മന്ത്രിയുടെ വാദം മുഖ്യമന്ത്രി തള്ളിയതും വലിയ ചര്‍ച്ചയായിരുന്നു. വൈദ്യുതി ബോര്‍ഡ് അയച്ച ഫയല്‍ മന്ത്രിയാണ് തനിക്കയച്ചത്. തീരുമാനമെടുത്ത ശേഷം മന്ത്രിക്കാണ് തിരിച്ചയച്ചത്. മന്ത്രിയാണ് ബോര്‍ഡിന് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പരസ്യമായി മന്ത്രിയെ തള്ളി മുഖ്യമന്ത്രി രംഗത്ത് വന്നത് ചര്‍ച്ചയായതിന് വിവാദങ്ങള്‍ക്കിടെ സണ്ണി ജോസഫിനെ കെഎസ്ഇബി ചെയര്‍മാന്‍ എന്‍ പ്രശാന്ത് ഇന്നലെ കണ്ടു. ഇതുവരെ ഉണ്ടായ സംഭവ വികാസങ്ങള്‍ ചെയര്‍മാന്‍ മന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന. പിന്നാലെയാണ് ക്ലിഫ് ഹൌസില്‍ മഞ്ഞുരുകല്‍ ചര്‍ച്ച നടന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: