Headlines

ലോക്കല്‍ ട്രെയിനിനുള്ളില്‍ ലൈംഗികാതിക്രമം, ചെറുക്കാൻ നോക്കിയ യുവതിയെ പുറത്തേക്ക് തള്ളിയിട്ടു; ചക്രത്തിനടിയില്‍പ്പെട്ട് ഇടതുകൈ അറ്റുപോയി, തലയില്‍ 16 തുന്നല്‍

           



മുംബൈ : ലോക്കല്‍ ട്രെയിനില്‍ സഹയാത്രികന്റെ ലൈംഗികാതിക്രമം ചെറുത്ത യുവതിയെ ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടതായി പരാതി.

ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലെ വിടവിലേക്ക് വീണ യുവതി തിരികെ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങിയതോടെ ഇടതുകൈ ചക്രത്തിനടിയില്‍പ്പെട്ട് അറ്റുപോയി. തലയില്‍ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 16 തുന്നലുകളും ഇടേണ്ടിവന്നു. സംഭവത്തില്‍ പ്രതിയായ 53കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നൈഗാവ് ഈസ്റ്റില്‍ താമസിക്കുന്ന ജിതേന്ദ്ര ഹിർമുഖെയാണ് അറസ്റ്റിലായത്.

ബോറിവലിയില്‍നിന്ന് വിരാറിലേക്ക് പോകുകയായിരുന്ന ലോക്കല്‍ ട്രെയിനില്‍ നൈഗാവ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് യുവതിക്കുനേരെ അതിക്രമമുണ്ടായതെന്നാണ് പരാതി. യാത്രയ്ക്കിടെ ജിതേന്ദ്ര തന്നെ അനുചിതമായി സ്പർശിച്ചെന്നും ഇതിനെതിരെ പ്രതികരിച്ചതോടെ തർക്കമുണ്ടായെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രതി മോശമായി സ്പർശിച്ചതില്‍ പ്രകോപിതയായ യുവതി ചെരിപ്പൂരി ഇയാള്‍ക്കുനേരെ എറിയുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റു യാത്രക്കാർ ഇടപെട്ട് തർക്കം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പ്രതി അസഭ്യം പറയുകയും സ്വന്തം ചെരിപ്പൂരി യുവതിക്കുനേരെ എറിയുകയും ചെയ്തു.

നൈഗാവ് സ്റ്റേഷനില്‍ ട്രെയിൻ എത്തിയപ്പോഴും ഇരുവരും തമ്മിലുള്ള തർക്കം തുടർന്നു. ഇതിനിടെ പ്രതി യുവതിയെ ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് ആരോപണം. ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലെ വിടവിലേക്കാണ് യുവതി വീണത്. ഇതിനിടെ പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ ശ്രമിക്കുമ്പോള്‍ ട്രെയിൻ മുന്നോട്ടുനീങ്ങി. ഇതോടെ യുവതിയുടെ ഇടതുകൈ ട്രെയിനിന്റെ ചക്രങ്ങള്‍ക്കടിയില്‍പ്പെടുകയായിരുന്നു. കൈമുട്ടിന് സമീപത്തുനിന്ന് കൈ അറ്റുപോയ നിലയിലായിരുന്നു.

സംഭവത്തിനിടെ സ്ഥലത്തുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും മറ്റു യാത്രക്കാരും ചേർന്നാണ് യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റിയത്. ഇതിനിടെ ബഹളവും ആശയക്കുഴപ്പവും മുതലെടുത്ത് പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇയാളെ പോലീസ് പിടികൂടുകായിരുന്നു

സംഭവത്തെക്കുറിച്ച്‌ യുവതി പറയുന്നതിങ്ങനെ- “നൈഗാവിലേക്ക് പോകുകയായിരുന്നു ഞാൻ. ബോറിവലിയില്‍നിന്നാണ് ട്രെയിനില്‍ കയറിയത്. നൈഗാവ് സ്റ്റേഷനിലേക്ക് അടുക്കുന്നതിനിടെ എന്നെ അനുചിതമായി സ്പർശിച്ചുകൊണ്ടിരുന്ന ആള്‍ വീണ്ടും ഉപദ്രവിക്കാൻ തുടങ്ങി. ഞാൻ അയാളെ ചോദ്യം ചെയ്തു. ട്രെയിനില്‍നിന്ന് ഇറങ്ങിയ ശേഷവും അയാള്‍ മോശമായി പെരുമാറുന്നത് തുടർന്നു. വീട്ടില്‍ അമ്മയോ സഹോദരിയോ ഇല്ലേയെന്ന് ഞാൻ ചോദിച്ചു. എന്നിട്ടും അയാള്‍ ഉപദ്രവം തുടർന്നു,” യുവതി പറഞ്ഞു.

“ഞാൻ അയാളെ ചീത്തവിളിച്ചു. തിരിച്ചും അയാള്‍ അസഭ്യം പറഞ്ഞു. ചെരിപ്പുകൊണ്ട് അടിച്ച്‌ അയാളെ അകറ്റാൻ ശ്രമിച്ചപ്പോള്‍ സ്വന്തം ചെരിപ്പുകൊണ്ട് അയാള്‍ എന്നെ അടിച്ചു. പിന്നാലെ ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടു. എനിക്ക് നീതി വേണം. എന്റെ ജീവിതം മുഴുവൻ തകർന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാനായിരുന്നു. കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും എനിക്കായിരുന്നു. ഇനി ഒരു കൈകൊണ്ട് എനിക്ക് എന്തുചെയ്യാനാകും? തലയില്‍ 16 തുന്നലുകളുണ്ട്. എനിക്ക് നീതി ലഭിക്കണം. വേഗം സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർഥിക്കണം. അയാള്‍ക്ക് അർഹമായ ശിക്ഷ ലഭിക്കുകയും വേണം,” യുവതി എൻ‌ഡിടിവിയോ‌ട് പ്രതികരിക്കവേ പറഞ്ഞു.

അതേസമയം, സംഭവത്തിലെ പോലീസ് അന്വേഷണത്തില്‍ യുവതിയുടെ കുടുംബം സംശയം പ്രകടിപ്പിച്ചു. പ്രതിക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടുന്ന ഭാരതീയ ന്യായ സംഹിതയിലെ 109-ാം വകുപ്പ് ചുമത്താത്തതാണ് കുടുംബത്തിന്റെ പ്രധാന പരാതി. തുടർന്ന് കുടുംബം മഹാരാഷ്ട്ര നവനിർമാണ്‍ സേനയുടെ (എംഎൻഎസ്) സഹായം തേടി. പാർട്ടി നേതാക്കള്‍ ഗവണ്‍മെന്റ് റെയില്‍വേ പൊലീസിലെ (ജിആർപി) സീനിയർ പൊലീസ് ഇൻസ്പെക്ടറെ നേരില്‍ക്കണ്ട് വിഷയം ഉന്നയിച്ചു. ആവശ്യമായ നിയമവകുപ്പുകള്‍ ഉടൻതന്നെ പ്രതിക്കെതിരെ ചുമത്തുമെന്ന് പോലീസ് ഉറപ്പുനല്‍കിയതായാണ് റിപ്പോർട്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: