Headlines

ഡിജിറ്റലായി ആഭ്യന്തരമന്ത്രിയുടെ ഓഫിസ്; പരാതികളുടെ പുരോഗതി എസ്.എം.എസ് വഴി അറിയാം

 


ആഭ്യന്തരമന്ത്രിയുടെ ഓഫിസിന്റെ പ്രവർത്തനങ്ങളും കേരള പൊലിസിന്റെ ദൈനംദിന നടപടികളും ഏകോപിപ്പിക്കുന്നതിനായി പുതിയ ഡിജിറ്റൽ സംവിധാനം നിലവിൽവന്നു. പൊതുജനങ്ങളിൽനിന്ന് ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന പരാതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുള്ള ‘എച്ച്.എം ആക്ട്സ്’, പ്രധാന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും അറിയിപ്പുകളും മന്ത്രിക്ക് തത്സമയം ലഭ്യമാക്കുന്ന ‘ഹോംസ്’ എന്നീ പോർട്ടലുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്ന ഓരോ പരാതിയും ഇനി എച്ച്.എം ആക്ട്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്യും. തുടർന്ന് പൊലിസിന്റെ പ്രധാന സോഫ്റ്റ്‌വെയറായ ‘ഐ-കോപ്സ്’  വഴി അതത് പൊലിസ് സ്റ്റേഷനുകളിലേക്ക് കൈമാറും. പരാതി തീർപ്പാകുന്നതുവരെയുള്ള ഓരോ നടപടിക്രമങ്ങളും അപേക്ഷകർക്ക് തത്സമയം പരിശോധിക്കാൻ കഴിയും. പരാതിയുടെ പുരോഗതി അറിയാൻ കത്തയക്കുകയോ ഫോൺ വിളിക്കുകയോ ചെയ്യേണ്ടതില്ല. നടപടികൾ സംബന്ധിച്ച വിവരങ്ങൾ അപേക്ഷകർക്ക് എസ്.എം.എസ് മുഖേന ലഭിക്കും. ഇതിനായി നിവേദനങ്ങൾ നൽകുമ്പോൾ മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണം. മൊബൈലിൽ ലഭിക്കുന്ന ലിങ്ക് വഴിയും പരാതിയുടെ തൽസ്ഥിതി അറിയാനാകും.
പൊലിസിന്റെ പ്രവർത്തനങ്ങളും സംസ്ഥാനത്തെ കുറ്റകൃത്യങ്ങളും ആഭ്യന്തരമന്ത്രിക്ക് തത്സമയം നിരീക്ഷിക്കാൻ വികസിപ്പിച്ച ഡിജിറ്റൽ ഡാഷ്ബോർഡാണ് ‘ഹോംസ്’. സംസ്ഥാനത്ത് ഓരോദിവസവും രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആറുകളുടെ പൊതുകണക്ക് ഇതിലൂടെ മന്ത്രിക്ക് ലഭ്യമാകും. ഇതോടെ വിവിധ സ്റ്റേഷനുകളിൽനിന്ന് വിവരങ്ങൾ പ്രത്യേകം ശേഖരിക്കേണ്ട സാഹചര്യം ഒഴിവാകും.
കുട്ടികളെ കാണാതാകുന്നത് പോലെയുള്ള അടിയന്തരശ്രദ്ധ ആവശ്യമുള്ള കേസുകളിൽ പ്രത്യേക അറിയിപ്പുകൾ ഡാഷ്ബോർഡിൽ ലഭിക്കും. അതേസമയം, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളും പുറത്ത് പോകാത്ത വിധത്തിലാണ് ഇതിൻ്റെ രൂപകൽപന.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: