Headlines

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിച്ച കറുത്ത ബാഗ്, തുറന്നപ്പോള്‍ 2.8 കിലോ കഞ്ചാവ്; പൊലീസിനെ പേടിച്ച്‌ ബാഗുപേക്ഷിച്ച്‌ മുങ്ങിയതെന്ന് സംശയം


തിരുവനന്തപുരം : സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എക്സൈസും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ 2.8 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി.

പ്ലാറ്റ്ഫോമിലെ കസേരകള്‍ക്കടിയില്‍ ബാഗില്‍ ഒളിപ്പിച്ച്‌ ഉപേക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ കഞ്ചാവ് കൊണ്ടുവന്നവരെക്കുറിച്ച്‌ അന്വേഷണം തുടരുകയാണ്. ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായി റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിനായി എക്സൈസും റെയില്‍വേ പൊലീസും സംയുക്തമായി പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നിരന്തരം പരിശോധനകള്‍ നടത്തിവരികയാണ്.

പരിശോധന കർശനമാക്കിയതോടെ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നവർ അത് ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കഴിയാതെ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ പതിവാകുന്നതായി അധികൃതർ അറിയിച്ചു. തിരുവനന്തപുരം എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ റെജി ലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ആർ. രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഉദ്യോഗസ്ഥരായ സുരേഷ് കുമാർ, ബോബിൻ വി. രാജ്, സിവില്‍ എക്സൈസ് ഓഫീസർ അനൂപ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു

റെയില്‍വേ പൊലീസിനെ പ്രതിനിധീകരിച്ച്‌ സബ് ഇൻസ്പെക്ടർ അനൂബ് എസ്., അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജോജി ജോസഫ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. റെയില്‍വേ സ്റ്റേഷനുകള്‍ വഴി ലഹരിവസ്തുക്കള്‍ കടത്തുന്നത് തടയുന്നതിനായി പരിശോധനകളും നിരീക്ഷണവും ശക്തമായി തുടരാനാണ് അധികൃതരുടെ തീരുമാനം. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: