തമിഴ് സിനിമ രംഗത്ത് തിരക്കഥകൾ കൊണ്ട് വിസ്മയം തീർത്ത പ്രതിഭയായ കെ. ഭാഗ്യരാജ് അന്തരിച്ചു. നടനായും തിരക്കഥാകൃത്തായും സംവിധായകനായും തിളങ്ങിയ ആളായിരുന്നു ഭാഗ്യരാജ്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു.
കൃഷ്ണസ്വാമി – അമരാവതിയമ്മ ദമ്പതികളുടെ മകനായി 1953 ജനുവരി 7നാണ് ഭാഗ്യരാജ് ജനിച്ചത്. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്ളൻകോയിലിൽ ആയിരുന്നു ജനനം. സംവിധായകൻ, നടൻ എന്നീ നിലകളിൽ തമിഴ് സിനിമയിൽ സജീവമായിരുന്നു. കുടുംബബന്ധങ്ങളും ഹാസ്യവും കോർത്തിണക്കിയുള്ള അദ്ദേഹത്തിന്റെ കഥകൾ ഏറെ ജനപ്രീതി നേടിയിരുന്നു. തമിഴിനു പുറമേ തെലുങ്ക്, ഹിന്ദി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും മലയാള സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാരതിരാജയുടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് കരിയർ ആരംഭിച്ചത്. ‘സുവർ ഇല്ലാത്ത ചിത്തിരങ്കൽ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. 25 സിനിമകൾ സംവിധാനം ചെയ്തു.
തമിഴ് സിനിമയെ സംബന്ധിച്ച് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഭാഗ്യരാജിന്റെ അപ്രതീക്ഷിത വിയോഗം വലിയ ഞെട്ടലാണ് തമിഴകത്ത് ഉണ്ടാക്കിയിരിക്കുന്നത്. അന്തരിച്ച നടി പ്രവീണയാണ് ആദ്യ ഭാര്യ. പിന്നീട് നടി പൂർണിമ ജയറാമിനെ 1984ൽ വിവാഹം ചെയ്തു. ശരണ്യ, ശന്തനു എന്നിവർ മക്കളാണ്


