ന്യൂഡൽഹി: പ്രണയത്തിലായിരുന്ന യുവാവ് വിവാഹിതനാണെന്ന വിവരമറിഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഗുരുഗ്രാമിൽ യുവതിയെ തീകൊളുത്തിക്കൊന്നു. ഡൽഹി സ്വദേശിനിയായ ദിവ്യ കത്താരിയ (23) ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന ജജ്ജർ സ്വദേശിയായ സുനിൽ കുമാറിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
കഴിഞ്ഞ ജൂൺ 18-നാണ് ദിവ്യ, സുനിൽ കുമാറിന്റെ കടയിലെത്തുന്നത്. ഇവിടെ വെച്ചാണ് ഇയാൾ നേരത്തെ വിവാഹിതനാണെന്ന സത്യാവസ്ഥ ദിവ്യ അറിയുന്നത്. തുടന്നുണ്ടായ രൂക്ഷമായ വാക്കുതർക്കത്തിനൊടുവിൽ, പ്രശ്നങ്ങൾ പരിഹരിക്കാനെന്ന വ്യാജേന അന്ന് രാത്രി ഇരുവരും ഒരു ഹോട്ടലിൽ മുറിയെടുത്തു. എന്നാൽ തൊട്ടടുത്ത ദിവസമായ ജൂൺ 19-ന് വീണ്ടും തർക്കമുണ്ടാകുകയും, പ്രതി ദിവ്യയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.
വൈകിയെത്തിയ പരാതി: ഗുരുതരമായി പൊള്ളലേറ്റ ദിവ്യയെ ജൂൺ 19-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടക്കത്തിൽ പോലീസെത്തി ദിവ്യയുടെയും അമ്മയുടെയും മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും, നിയമനടപടികളുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നാണ് ഇരുവരും അറിയിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ ജൂൺ 27-ന് ദിവ്യ മരണപ്പെട്ടു. ഇതിനുപിന്നാലെ ബന്ധുക്കളിലൊരാൾ നൽകിയ കൃത്യമായ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതും പ്രതിയെ വലയിലാക്കിയതും.
സ്വർണം വിൽക്കാൻ കടയിൽ എത്തിയപ്പോഴാണ് ദിവ്യയെ പരിചയപ്പെട്ടതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച മണ്ണെണ്ണക്കുപ്പിയും പ്രതിയുടെ മൊബൈൽ ഫോണും പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു


