59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയിലേക്ക്

ചെന്നൈ: തമിഴ്നാട്ടിലെ വിജയ് സർക്കാരിലേക്ക് കോൺഗ്രസ്. കോൺഗ്രസിന്റെ മന്ത്രിമാരെ നിശ്ചയിച്ചു. എംഎൽഎമാരായ രാജേഷ് കുമാർ, പി വിശ്വനാഥ് എന്നിവർ മന്ത്രിമാരാകും. വ്യാഴാഴ്ച നടക്കുന്ന ചടങ്ങിൽ ഇവർ വിജയ് സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

മന്ത്രിസഭയിൽ ചേരാൻ കോൺഗ്രസ് എംഎൽഎമാർക്ക് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയതായി കെ സി വേണുഗോപാൽ എക്‌സിലെ കുറിപ്പിൽ അറിയിച്ചു. ‘ഇത് ഞങ്ങൾക്ക് ചരിത്രപരമായ ഒരു നിമിഷമാണ്, കാരണം 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയിൽ വീണ്ടും എത്തുകയാണ്’. കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

കോൺഗ്രസ് നിയമസഭാകക്ഷി നേതാവാണ് എസ്. രാജേഷ് കുമാർ. മേലൂരിൽനിന്നുള്ള എംഎൽഎയാണ് പി. വിശ്വനാഥ്. അഞ്ച് എംഎൽഎമാരുള്ള സഖ്യകക്ഷിയായ കോൺഗ്രസിന് രണ്ടു മന്ത്രിസ്ഥാനം നൽകാനാണ് നിലവിലെ ധാരണ. വിസികെ, ഇടതുപാർട്ടികൾ, മുസ്ലിം ലീഗ് എന്നിവരും വിജയ് സർക്കാരിന് പിന്തുണ നൽകുന്നുണ്ട്. ഇവരോടും മന്ത്രിസഭയിൽ ചേരാൻ മുഖ്യമന്ത്രി വിജയ് ആവശ്യപ്പെട്ടിരുന്നു.

അതേസമയം വിശ്വാസ വോട്ടെടുപ്പിൽ ടിവികെ സർക്കാരിനെ പിന്തുണച്ച എഐഎഡിഎംകെ വിമതർക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. എടപ്പാടി പളനിസ്വാമിക്കെതിരേ കലാപക്കൊടി ഉയർത്തിയ 25 എഐഎഡിഎംകെ എംഎൽഎമാരാണ് വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിന് അനുകൂലമായി വോട്ടുചെയ്തത്. മെയ് 10-ന് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കൊപ്പം ഒൻപത് ടി വി കെ നേതാക്കൾ മാത്രമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: