മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്ററുകളും ചിത്രങ്ങളും പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പൊന്നിയത്ത് അൻവറിനെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് യു.എ. റസാഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
‘നന്നമ്പ്ര പൊളിറ്റിക്സ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സാദിഖലി ശിഹാബ് തങ്ങളുടെ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിക്കുകയും, അശ്ലീല വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്തെന്നാണ് കേസ്.
ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നാട്ടിൽ വർഗീയ സംഘർഷങ്ങൾക്കും കയ്യേറ്റങ്ങൾക്കും വഴിവെക്കുമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. എഫ്.ഐ.ആർ പ്രകാരം പ്രതിക്കെതിരെ കലാപശ്രമത്തിനും അപകീർത്തികരമായ പ്രചാരണം നടത്തിയതിനും കർശന നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.


