തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ പ്രതിസന്ധിയിലാണെന്ന് റിപോര്‍ട്ട്. ഡ്രൈവിങ് ടെസ്റ്റിന് പിന്നാലെ ലേണേഴ്സ് പരീക്ഷയ്ക്കും സ്ലോട്ട് കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഒരു ലേണേഴ്സ് പരീക്ഷയ്ക്ക് മൂന്ന് മുതല്‍ നാല് മാസം വരെ കാത്തിരിക്കേണ്ടിവരുന്നതായി പരാതിയുണ്ട്. മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നതോടെ പലരും ലൈസന്‍സ് എടുക്കാനുള്ള ശ്രമം തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയാണെന്നാണ് റിപോര്‍ട്ട്.
ലേണേഴ്സിനുള്‍പ്പടെ ഡേറ്റ് കിട്ടാതായതോടെ വിദ്യാര്‍ഥികളും വിദേശത്ത് ജോലി ചെയ്യുന്നവരുമാണ് കൂടുതല്‍ വലയുന്നത്. ഇതുമൂലം നിരവധി പേര്‍ മറ്റ് ജില്ലകളിലെത്തി ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതായും റിപോര്‍ട്ടുണ്ട്. പ്രശ്നം രണ്ട് തവണ ഗതാഗത മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടാകാത്തതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തി ഉയരുന്നുണ്ട്.
അതേസമയം, പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 40ല്‍ നിന്ന് 60 ആയി വര്‍ധിപ്പിക്കാനുള്ള ആലോചനയുണ്ടെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍ നേരത്തെ അറിയിച്ചിരുന്നു. അതിനെ തുടര്‍ന്ന് ഡ്രൈവിങ് സ്ലോട്ടുകളുടെ എണ്ണം 50 ആക്കുമെന്ന് ആര്‍ടിഓ അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റിലെ തടസങ്ങള്‍ നീക്കി, നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.


