കൊല്ലം: ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർ. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ മുന്‍ നിശ്ചയിച്ചപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല.
സംസ്ഥാനത്ത് ഉഷ്ണതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം വ്യത്യാസം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിലാണ് ഉഷ്‌ണതരംഗ മുന്നറിയിപ്പ്. എന്നാൽ പൊതുവെ സംസ്ഥാനമാകെ ചൂട് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ മുഴുവൻ ജില്ലകളിലും കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.
പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയത് 41.1 ഡിഗ്രി സെൽഷ്യസ് ആണ്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 38 ഡിഗ്രി വരെയും ചൂട് ഉയർന്നേക്കും.
പകൽ 11 മണി മുതൽ മൂന്നു മണി വരെയുള്ള സമയത്ത് ഉയർന്ന അൾട്രാ വയലറ്റ് ജാഗ്രത നിര്‍ദേശവും കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. വേനലിന് ആശ്വാസമായി ഏപ്രിൽ 27 ശേഷം സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ.

