പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ശബരിമലയുടെ സുരക്ഷാചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്തിനാണ്, സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നിയോഗിച്ച സ്പെഷ്യല്‍ കമ്മിഷണര്‍ ആര്. ജയകൃഷ്ണന് നിര്‍ദേശം നല്‍കിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി.ജി.-821 എന്ന ഹെലികോപ്റ്റര്‍ സന്നിധാനത്ത് താഴ്ന്നുപറന്നത്
കൊടിമരത്തിന് ഉദ്ദേശം അഞ്ചുമീറ്റര്‍ ഉയരത്തില്‍വരെ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നിരുന്നു. നാലുപേര്‍ കോപ്റ്ററിലുണ്ടായിരുന്നു. 30 സെക്കന്‍ഡോളം സന്നിധാനത്തിന് മുകളിലൂടെ പറന്നു. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നയാള്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യമായിട്ടാണ് സന്നിധാനത്ത് ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന് വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്.
അതിസുരക്ഷാമേഖലയാണ് ശബരിമല ക്ഷേത്രവും നിലയ്ക്കല്‍ വരെയുള്ള പ്രദേശങ്ങളും. ഇവിടേക്ക് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ എന്തിനെത്തി എന്നതടക്കം പരിശോധിക്കുന്നുണ്ട്. സന്നിധാനത്തിന് മുകളില്‍ ഹെലികോപ്റ്റര്‍ പറന്ന വിവരം പമ്പ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
ഏതെങ്കിലും ഓപ്പറേഷന്റെ ഭാഗമായിരുന്നില്ലെന്നും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദിശമാറി സഞ്ചരിക്കുകയായിരുന്നുവെന്നുമാണ് കോസ്റ്റ്ഗാര്‍ഡ് വിശദീകരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ പറക്കല്‍ നടത്താറുണ്ട്. കാലാവസ്ഥ മോശമായതിനാലാണ് ശബരിമല സന്നിധാനത്തിനു മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നത്. കാലാവസ്ഥ മെച്ചപ്പെട്ടപ്പോള്‍ ഹെലികോപ്റ്റര്‍ കൊച്ചിയിലേക്കു തിരികെ എത്തിയെന്നും കോസ്റ്റ്ഗാര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.

