രാഘവ് ഛദ്ദ ഉള്‍പ്പെടെയുള്ള എംപിമാര്‍ ബിജെപിയിലേക്ക്; ആം ആദ്മി പാര്‍ട്ടിയില്‍ പിളര്‍പ്പ്

ദില്ലി: രാഘവ് ഛദ്ദ എംപി എഎപി വിട്ട് ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചു. എ എ പിയില്‍ വൻ പിളർപ്പാണ് ഉണ്ടായിരിക്കുന്നത്

സഞ്ജയ് സിങ് ഒഴികെയുള്ള രാജ്യസഭ എം പി മാർ പാർട്ടി വിട്ടു. വാർത്താ സമ്മേളനം നടത്തിയാണ് എംപിമാർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. അശോക മിത്തല്‍, സന്ദീപ് പഥക്ക് എന്നിവരും പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. നല്‍കിയ ഉത്തരവാദിത്വം മികച്ച രീതിയില്‍ പൂർത്തിയാക്കിയെന്ന് പറഞ്ഞ രാഘവ് ഛദ്ദ അരവിന്ദ് കെജ്‍രിവാളിന് നന്ദി പറഞ്ഞു.

നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ഛദ്ദ എംപി എഎപിയില്‍ നിന്ന് അകന്നിരുന്നു. നിശബ്ദനാക്കപ്പെട്ടുവെങ്കിലും താന്‍ പരാജയപ്പെട്ടിട്ടില്ലെന്നായിരുന്നു അന്ന് രാഘവ് ഛദ്ദയുടെ പ്രതികരണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എക്കാലത്തും പാര്‍ലമെന്റില്‍ ഉയര്‍ത്തിയ നേതാവാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് തന്നെ ആംആദ്മി നിശബ്ദനാക്കുന്നതെന്നും എക്സില്‍ പങ്കുവെച്ച പ്രതികരണത്തില്‍ ഛദ്ദ ചോദിച്ചിരുന്നു.

പിന്നാലെ രാഘവ് ഛദ്ദക്കെതിരെ കടുത്ത വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പാർലമെന്റില്‍ കേന്ദ്ര സർക്കാരിനെതിരെ ഉന്നയിക്കേണ്ട പ്രധാന വിഷയങ്ങളില്‍ നിന്ന് രാഘവ് ഛദ്ദ ഒഴിഞ്ഞുമാറുന്നുവെന്നും പകരം സ്വന്തം പ്രശസ്തിക്കായി “സോഫ്റ്റ് പിആർ” പ്രവർത്തനങ്ങളില്‍ ഏർപ്പെടുകയാണെന്നും ഭഗവന്ത് മൻ ആരോപിച്ചു. രാഘവ് ഛദ്ദ നിലവില്‍ പാർട്ടിയുടെ ഔദ്യോഗിക നിലപാടുകളില്‍ നിന്നോ മുൻഗണനകളില്‍ നിന്നോ മാറി മറ്റൊരു തലത്തിലാണ് സംസാരിക്കുന്നതെന്ന് മൻ പരിഹസിക്കുകയുണ്ടായി.

രാജ്യത്തെ ബാധിക്കുന്ന ഗൗരവകരമായ രാഷ്ട്രീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിമാനത്താവളത്തിലെ കാന്റീനിലെ സമോസയെക്കുറിച്ചും മറ്റും സാമൂഹ്യമാധ്യമങ്ങളില്‍ സംസാരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് മറ്റ് ആം ആദ്മി പാർട്ടി നേതാക്കളും കുറ്റപ്പെടുത്തി. നമ്മള്‍ എല്ലാവരും അരവിന്ദ് കെജ്‌രിവാളിന്റെ പടയാളികളാണെന്നും രാജ്യം വലിയ വെല്ലുവിളികള്‍ നേരിടുമ്പോള്‍ ഇത്തരം നിസാര കാര്യങ്ങള്‍ക്കല്ല മുൻഗണന നല്‍കേണ്ടതെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് എഎപി വിടുന്നതായി രാഘവ് ഛദ്ദ പ്രതികരിച്ചത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: