ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) തങ്ങളുടെ ഓഹരി ഉടമകള്‍ക്ക് ആദ്യമായി 1:1 ബോണസ് ഓഹരി പ്രഖ്യാപിച്ചു. അതായത്, നിങ്ങളുടെ കൈവശമുള്ള ഓരോ ഓഹരിക്കും ഒരു അധിക ഓഹരി സൗജന്യമായി ലഭിക്കും. നിങ്ങളുടെ പക്കല്‍ എല്‍ഐസിയുടെ 100 ഓഹരികള്‍ ഉണ്ടെങ്കില്‍ ബോണസ് ലഭിക്കുന്നതോടെ അത് 200 ആയി ഉയരും. 2022 മേയില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം എല്‍ഐസി പ്രഖ്യാപിക്കുന്ന ആദ്യത്തെ ബോണസ് ഇഷ്യൂ ആണിത്. ഏകദേശം 22 ലക്ഷം ഓഹരി ഉടമകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും
6,325 കോടി രൂപയുടെ കരുതല്‍ ശേഖരം മൂലധനമാക്കി മാറ്റിക്കൊണ്ടാണ് സൗജന്യ ഓഹരികള്‍ നല്‍കുന്നത്. ഇതിലൂടെ എല്‍ഐസിയുടെ അടച്ചുതീര്‍ത്ത മൂലധനം (പെയ്ഡ് അപ് ക്യാപിറ്റല്‍) 12,650 കോടി രൂപയായി വര്‍ധിക്കും. ഏപ്രില്‍ 13ന് നടന്ന ബോര്‍ഡ് യോഗത്തിലാണ് ബോണസ് ഇഷ്യൂവിന് അംഗീകാരം നല്‍കിയത്. ബോണസ് ഓഹരികള്‍ക്ക് അര്‍ഹരായവരെ നിശ്ചയിക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതി കമ്പനി പിന്നീട് അറിയിക്കും.


