കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസ് പരീക്ഷയിൽ കൂട്ട കോപ്പിയടി നടന്ന സംഭവത്തിൽ നടപടി. വിദ്യാർത്ഥികളെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു. കഴിഞ്ഞ ജൂലൈയിൽ കേരള ആരോഗ്യ സർവ്വകലാശാല നടത്തിയ എംബിബിഎസ് അവസാന വർഷ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം.
ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കോപ്പിയടി നടന്നതായി കണ്ടെത്തിയത്. പിന്നാലെ വിദ്യാർത്ഥികളിൽ നിന്നും അന്ന് പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർക്കെതിരെയും അച്ചടക്ക സമിതി നേരിട്ടു വിളിച്ചു വരുത്തി തെളിവെടുത്തു. അന്ന് ഇൻവിജിലേറ്റർ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെ നേരിട്ടു ശാസിച്ചിരുന്നു.
കുറ്റക്കാരെന്ന് തെളിഞ്ഞ 25 വിദ്യാർത്ഥികളുടെ ജനറൽ മെഡിസിൻ പരീക്ഷ അസാധുവാക്കുയും അടുത്ത ചാൻസിൽ വീണ്ടും പരീക്ഷ എഴുതാൻ നിർദ്ദേശിക്കുകയും ചെയ്തു. അതുപ്രകാരം ഇവരുടെ തിയറി പരീക്ഷ കഴിഞ്ഞ ദിവസം നടന്നു. ക്ലിനിക്കൽ പരീക്ഷ അടുത്ത ദിവസം നടക്കും.


