മൈസൂരു: കർണാടകയിൽ സ്കൂൾ വാഹനം ശരീരത്തിലൂടെ കയറി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ മൈസൂരു ജില്ലയിലാണ് ദാരുണമായ സംഭവം. ലതിക്ഷ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സ്കൂൾ ബസിൽ വരുന്ന നാലു വയസ്സുള്ള മൂത്ത സഹോദരനെ കൂട്ടിക്കൊണ്ടുവരാനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു ലതിക്ഷ. അമ്മ മൂത്തകുട്ടിയെ ബസിൽ നിന്ന് താഴെയിറക്കുന്നതിനിടെ വാഹനം പെട്ടെന്ന് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം. തുടർന്ന് തൊട്ടടുത്ത് നിൽക്കുകയായിരുന്ന ലതിക്ഷയുടെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു. കുട്ടിക്ക് ഗുരുതര പരിക്കേൽക്കുകയും സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെടുകയും ചെയ്തു. സംഭവത്തിൽ ബസ് ഡ്രൈവർ സിദ്ധരാജുവിനെതിരെ (42) പൊലീസ് കേസെടുത്തു. അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആരോപിക്കുന്ന കുടുംബം, ഡ്രൈവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.


