‘രണ്ടുദിവസത്തിനകം മകൻ പാമ്പുകടിയേറ്റ് മരിക്കും’ സർപ്പദോഷം തീർക്കാൻ പണവും സ്വർണവും തട്ടിയ 2 സ്ത്രീകൾ അറസ്റ്റിൽ



         

സർപ്പദോഷം തീർക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ ആറരപ്പവനോളം സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. വെമ്പല്ലൂർ സ്വദേശിനി സുജാത (28), പാപ്പിനിവട്ടം സ്വദേശിനി റോജ (43) എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 6ന് ഉച്ചയ്ക്ക് 1.20 ഓടെയാണ് കേസിനാസ്പദമായ സംഭവം.

കാഞ്ഞാണി പുത്തൻകുളം വല്ലത്തുപറമ്പിൽ 70കാരിയായ സ്വ‌ർണലതയാണ് തട്ടിപ്പിനിരയായത്. പുൽതൈലം വിൽക്കാനെന്ന പേരിലാണ് പ്രതികൾ സ്വർണലതയുടെ വീട്ടിലെത്തിയത്. എന്നാൽ വീടിരിക്കുന്ന സ്ഥലത്തിന് സർപ്പദോഷമുണ്ടെന്നും രണ്ടുദിവസത്തിനകം സ്വർണലതയുടെ രണ്ടാമത്തെ മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും പറഞ്ഞ് പ്രതികൾ ഇവരെ ഭയപ്പെടുത്തി.

തുടർന്ന് ഇരുവരും സർപ്പദോഷം തീർക്കാനായി സ്വർ‌ണംകൊണ്ട് നാഗത്തിന്റെ മുട്ടയും ശിലയും തയ്യാറാക്കി സമർ‌പ്പിക്കണമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച സ്വർണലത വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും മൂത്തമരുമകളുടെ മാലയും ഉൾപ്പെടെ ആറര പവനോളം സ്വർണവും വഴിപാടിനായി 6500 രൂപയും പ്രതികൾക്ക് കൈമാറുകയായിരുന്നു. പ്രതികൾ വീട്ടിൽനിന്ന് പോയതിന് ശേഷമാണ് താൻ പറ്റിക്കപ്പെട്ടുവെന്ന് പരാതിക്കാരിക്ക് മനസിലായത്.

പിന്നാലെ ഇവർ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തട്ടിയെടുത്ത സ്വർണം പ്രതികൾ വിൽപന നടത്തിയ ജുവലറിയിൽ നിന്ന് പോലീസ് വീണ്ടെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: