തിരുവനന്തപുരം: യുഡിഎഫ് നേതൃത്വത്തില്‍ മുഖ്യമന്ത്രി വിഡി സതീശനോടുള്ള അതൃപ്തി പരസ്യമാക്കി യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്
മുന്നണി യോഗം ചേരാത്തത് എന്തെന്ന് ചെയർമാനോട് ചോദിക്കണം. മന്ത്രിസഭയില്‍ കൂട്ടുത്തരവാദിത്വം ഉണ്ട് എന്നതിനുള്ള തെളിവാണ് പുറത്തുവരുന്നത് എന്നും അടൂർപ്രകാശ് പറഞ്ഞു. കെപിസിസി പ്രസിഡൻ്റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് പരസ്യപ്രതികരണം നടത്തിയതിന് പിന്നാലെയാണ് അടൂർ പ്രകാശ് വീണ്ടും രംഗത്തെത്തിയത്.
‘മന്ത്രിമാർക്ക് അതൃപ്തി ഉണ്ടോ എന്നതിനെക്കുറിച്ച് അവരോട് ചോദിക്കണം. ചില അഭിപ്രായങ്ങള്‍ ഞാൻ നേരത്തെ തുറന്നു പറഞ്ഞിരുന്നു. അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്’ അടൂർ പ്രകാശ് പറഞ്ഞു. പാർട്ടി അറിയാതെയാണ് മുഖ്യമന്ത്രി പല തീരുമാനമെടുക്കുന്നത് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, കാര്യങ്ങളൊക്കെ പുറത്തുവരട്ടെ എന്നായിരുന്നു അടൂർ പ്രകാശിൻ്റെ മറുപടി.
അതേസമയം ജിഎൻഎയുമായുള്ള വൈദ്യുതി കരാർ വേണ്ടെന്ന് വയ്ക്കുമ്പോഴും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിയോട് കടുത്ത അതൃപ്തിയിലാണുള്ളത്. സ്വകാര്യ കമ്പനിയായി ജിഎൻഎയില് നിന്ന് വൈദ്യുതി വാങ്ങേണ്ടെന്ന് ഊര്‍ജ്ജ വകുപ്പ് സെകട്ടറിയും കെഎസ്ഇബി ചെയര്‍മാനും മുഖ്യമന്ത്രിയെ അറിയിച്ചത് മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഇത് അദ്ദേഹം പരസ്യമാക്കുകയും ചെയ്തു.
ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ മന്ത്രി സണ്ണി ജോസഫ് പിന്തുണച്ചിരുന്നു. എന്നാല്‍ ഈ നീക്കം സംശയ നിഴലിലായതിലാണ് സണ്ണി ജോസഫിന്റെ അമർഷം. അഴിമതിക്കുള്ള ശ്രമം പിടിക്കപ്പെട്ടതോടെയാണ് കരാറില്‍ നിന്നുള്ള പിന്മാറ്റമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ നിലനില്ക്കുമ്പോള് തന്നെയാണ് അടൂർ പ്രകാശ് വീണ്ടും രംഗത്ത് വന്നത്.
മുന്നണിക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ യുഡിഎഫ്. കണ്‍വീനർ എന്ന നിലയില്‍ താൻ അറിയുന്നില്ലെന്ന് അടൂർ പ്രകാശ് തുറന്ന് പറഞ്ഞതോടെയാണ് യുഡിഎഫിലെ അതൃപ്തിയുടെ തുടക്കം. അടൂർ പ്രകാശ് ഇക്കാര്യങ്ങള്‍ പരസ്യമായി പറഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട ചർച്ചയോ തുടർനടപടികളോ ഉണ്ടായിരുന്നില്ല. തനിക്കെതിരെ നിരവധി നേതാക്കള്‍ രംഗത്ത് വന്നതും നേതൃതലത്തില്‍ ഭിന്നത ഉണ്ടായതിലും എഐസിസി നേതൃത്വം ഇടപെട്ടിരുന്നില്ല. ഈ അതൃപ്തികള്‍ നിലവില്ക്കെയാണ് യോഗം ചേരാത്തത് എന്താണെന്നതില്‍ പ്രതികരിച്ച് അടൂർ പ്രകാശ് വീണ്ടും രംഗത്തെത്തിയത്.


