മദ്യപിച്ച് വൈകിയെത്തിയത് ചോദ്യം ചെയ്ത പിതാവിനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി

ബൊക്കാറോ: മദ്യപിച്ച് വൈകിയെത്തിയത് ചോദ്യം ചെയ്ത പിതാവിനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലുള്ള കാരിപാനി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. കാരിപാനി സ്വദേശിയായ ജയ്ലാൽ കർമാലി ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകൻ അർജുൻ കർമാലി(30)യെ പോലീസ് അറസ്റ്റ് ചെയ്തു.


അമ്മാവന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം മദ്യപിച്ച് അർധരാത്രിയോടെയാണ് അർജുൻ വീട്ടിലെത്തിയത്. അർജുന്റെ അമിത മദ്യപാനവും വൈകിയെത്തിയതും പിതാവ് ചോദ്യം ചെയ്യുകയും ഇത് വലിയ രീതിയിലുള്ള തർക്കത്തിലേക്ക് വഴിമാറുകയും ചെയ്തു. ഇതിനിടയിൽ പ്രകോപിതനായ അർജുൻ വീട്ടിലിരുന്ന കോടാലിയെടുത്ത് പിതാവിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയ്ലാൽ കർമാലി സംഭവസ്ഥലത്തുതന്നെ മരിച്ചു.

അർജുന്റെ മദ്യപാനശീലം കുടുംബത്തിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതായി പോലീസ് പറഞ്ഞു. മദ്യപിച്ചെത്തി ഉപദ്രവിക്കുന്നത് പതിവായതോടെ ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. ഈ വിഷയത്തെച്ചൊല്ലിയും അച്ഛനും മകനും തമ്മിൽ തർക്കമുണ്ടായിരുന്നു.

കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടിയത്. തുടർന്ന് ഇയാളെ വീട്ടിനുള്ളിൽ കെട്ടിയിട്ട ശേഷം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കൊലപാതകത്തിന് ഉപയോഗിച്ച കോടാലി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: