കണ്ണൂർ: ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ലോൺ ആപ്പിനെതിരെ ആരോപണം ഉയർന്നതിനെ തുടർന്നാണിത്. ഇൻസ്റ്റാ പേ എന്ന ലോൺ ആപ്പിനെതിരെയാണ് കേസ് എടുത്തത്. നിതിൻ രാജിനെ ലോൺ ആപ്പ് ഭീഷണിപ്പെടുത്തിയോ എന്നതിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
അവന് നീതി കിട്ടിയില്ലെങ്കിൽ ഇനി ജീവിച്ചിരിക്കില്ല. അധ്യാപികയുടെ നമ്പർ ലോൺ ആപ്പുകാർ ഹാക്ക് ചെയ്ത് എടുത്തതാകാം. മൂന്ന് മാസം സിക്ക് റൂമിൽ കഴിഞ്ഞിട്ടും പിടിച്ചു നിന്നവനാണ്. ലോൺ ആപിൽ നിന്ന് ലക്ഷങ്ങൾ ഒന്നും എടുത്തിട്ടില്ലെന്നും നികിത മാധ്യമങ്ങളോട് പറഞ്ഞു.
നിതിന്റെ മരണത്തിന് പിന്നിൽ ജാതി അധിക്ഷേപത്തിന് പുറമെ ലോൺ ആപ്പ് ഭീഷണിയുമുണ്ടെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. അധ്യാപികയായ ലതയെ ലോൺ ആപ്പ് സംഘം നിരന്തരം വിളിച്ചത് നിതിന് മാനസിക വിഷമം ഉണ്ടാക്കിയെന്നും പൊലീസിൽ പരാതി നൽകാൻ കോളജ് അധികൃതർ തീരുമാനിച്ചത് സമ്മർദം കൂട്ടിയെന്നുമാണ് പൊലീസ് പറഞ്ഞത്. 14,000 രൂപയാണ് നിതിൻ വായ്പയെടുത്തത്.
അതിനിടെ, നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകനെ മാനേജ്മെന്റ് കഴിഞ്ഞ ദിവസം പുറത്താക്കി. ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെയാണ് പുറത്താക്കിയത്. റാമിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. ജാതീയമായി അധിക്ഷേപിച്ചെന്നും വസ്ത്രധാരണത്തിന്റെ പേരിൽ പരിഹസിച്ചെന്നും ഇപ്പോൾ തങ്ങളെ നിരീക്ഷിക്കാൻ ആളെ നിർത്തിയിരിക്കുകയാണെന്നും വിദ്യാർഥികൾ പറഞ്ഞു.
സഹപാഠികളെക്കൊണ്ട് തല്ലിക്കാൻ ശ്രമിച്ചുവെന്നും ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങളാണ് ഇയാൾ നടത്തിയിരുന്നതെന്ന് അവർ ആരോപിക്കുന്നു. പ്രതിഷേധിക്കുന്ന കുട്ടികളെ നിരീക്ഷിക്കാനും അവരുടെ ദൃശ്യങ്ങൾ പകർത്തി കരിയർ നശിപ്പിക്കാനും ആണ് കോളജ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. നീതി ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ രീതിയിലുള്ള സമരപരിപാടികളിലേക്ക് കടക്കാനും വിദ്യാർഥികൾ ആലോചിക്കുന്നുണ്ട്.
അതേസമയം നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ പുറത്താക്കിയതായി മാനേജ്മെന്റ് അറിയിച്ചു. ഡോ. റാമിനെ പുറത്താക്കുന്നത് വരെ പഠനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാർഥികൾ ഇന്നലെ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് പ്രതിഷധം.

