Headlines

യുപിഐ ഇടപാടുകൾക്ക് ഫീസ് ഉടനില്ല; എംഡിആർ ദീപാവലിക്ക് ശേഷം മാത്രം



ന്യൂഡൽഹി: യുപിഐ വ്യാപാര ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്താനുള്ള തീരുമാനം ദീപാവലിക്ക് ശേഷത്തേക്ക് മാറ്റി. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇന്ന് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 15 മുതൽ നടപ്പാക്കാനിരുന്ന എംഡിആർ ആണ് മാറ്റിവെച്ചത്. ഉത്സവ സീസണിലെ വ്യാപാര തിരക്ക് കണക്കിലെടുത്ത് യുപിഐ ആൻഡ് സർവീസസ് സ്റ്റിയറിംഗ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. പുതിയ തീയതി പിന്നീട് അറിയിക്കും.

ടാക്‌സേഷൻ ആൻഡ് അദർ ലോസ് അമെൻഡ്‌മെന്റ് ബിൽ 2026 പ്രകാരം പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 10എ ഭേദഗതി ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫീസ് ഘടന കൊണ്ടുവരുന്നത്. പുതിയ ഘടന പ്രകാരം 2000 രൂപയ്ക്ക് മുകളിലുള്ള സാധാരണ വ്യാപാര ഇടപാടുകൾക്ക് 0.4 ശതമാനം ഫീസ് ഈടാക്കും. 75,000 രൂപയ്ക്കും അതിന് മുകളിലുമുള്ള ഇടപാടിന് പരമാവധി 300 രൂപയാണ് ഫീസ്. റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ അവശ്യ സേവനങ്ങൾക്ക് 2000 രൂപയ്ക്ക് മുകളിൽ 5 രൂപ ഫ്ലാറ്റ് ഫീസാണ് ഈടാക്കുക. ഓഹരി വിപണി ഇടപാടുകൾക്ക് 0.02 ശതമാനം ഫീസും പരമാവധി 300 രൂപയും ആണ് നിശ്ചയിച്ചിരിക്കുന്നത്.

2000 രൂപ വരെയുള്ള യുപിഐ വ്യാപാര ഇടപാടുകൾക്ക് ഫീസ് ഉണ്ടായിരിക്കില്ല. ഇത് മൊത്തം യുപിഐ വ്യാപാര ഇടപാടുകളുടെ 95 ശതമാനത്തിലധികം വരും. വ്യക്തികൾ തമ്മിലുള്ള പണമിടപാടിന് എത്ര തുകയായാലും ഫീസ് ബാധകമല്ല. യോഗ്യരായ ചെറുകിട വ്യാപാരികൾക്കും ഫീസിൽ ഇളവ് ലഭിക്കും. എംഡിആർ ഫീസ് ഉപഭോക്താവിൽ നിന്ന് ഈടാക്കാൻ പാടില്ലെന്ന് ധനകാര്യ മന്ത്രാലയവും ബാങ്കുകളും വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാരി പ്രദർശിപ്പിച്ച വില മാത്രമേ ഉപഭോക്താവ് നൽകേണ്ടതുള്ളൂ. ഈ ഫീസ് വ്യാപാരികൾ തന്നെ വഹിക്കണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: