Headlines

തൃശൂരിൽ മകളെ ബസ് കയറ്റിവിട്ട ശേഷം സ്കൂട്ടറിനടുത്തേക്ക് നടന്ന സ്ത്രീ കെഎസ്ആർടിസി ബസിടിച്ച് മരിച്ചു



   

തൃശ്ശൂർ : തൃശൂരിൽ മകളെ ബസ് കയറ്റിവിട്ട് സ്കൂട്ടറിനടുത്തേക്ക് നടന്നുപോയ സ്ത്രീ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു. പുതുക്കാട് കാഞ്ഞൂർ പൊരന്തരപ്പിള്ളി വീട്ടിൽ റോയ്സന്റെ ഭാര്യ സിന്ധു (48) ആണ് മരിച്ചത്. പുതുക്കാട് സെന്ററിൽ രാവിലെ 7 മണിയോടെയായിരുന്നു അപകടം നടന്നത്.

രാജഗിരി ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൾ ആൻ മരിയയെ ബസ് കയറ്റിവിട്ട ശേഷം മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്. കനത്ത മഴയെത്തുടർന്ന് സീജി റോഡിന് സമീപം സ്കൂട്ടർ നിർത്തിയ ശേഷം മകൾ ധരിച്ചിരുന്ന മഴക്കോട്ട് തിരികെ വാങ്ങാനാണ് സിന്ധു ബസ് സ്റ്റോപ്പിലേക്ക് പോയത്. സാധാരണ ദിവസങ്ങളിൽ ദേശീയപാതയ്ക്ക് സമീപമുള്ള റോഡുവരെയാണ് സിന്ധു മകളുമായി എത്താറുള്ളത്.

ചാലക്കുടിക്ക് പോയിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്. പുതുക്കാട് സ്റ്റോപ്പിൽ നിന്ന് ബസ് മുന്നിലേക്കെടുക്കുന്നതിനിടെ ഡ്രൈവർ ബാബുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധരഹിതനാകുകയും ചെയ്യുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബസ് വഴിയോരത്തുകൂടി നടന്നുപോകുകയായിരുന്ന സിന്ധുവിനെ ഇടിച്ചുതെറിപ്പിക്കുകയും, ഓട്ടോ സ്റ്റാൻ്റിന് ഇടയിലൂടെ പാഞ്ഞുപോയി ദേശീയപാതയോരത്തുള്ള ചായക്കടയുടെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു. റോഡിൽ വീണ സിന്ധുവിന്റെ തലയിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. ബസ് പാഞ്ഞുവരുന്നത് കണ്ട് ചായക്കടയുടെ മുൻപിൽ നിന്നിരുന്നയാൾക്ക് ഓടിമാറുന്നതിനിടെ വീണ് പരിക്കേറ്റിട്ടുണ്ട്. സ്റ്റാൻ്റിൽ നിന്നെടുത്ത ബസ് ആയതിനാൽ ആ സമയത്ത് ഒരു യാത്രക്കാരി മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റ സിന്ധുവിനെയും ബസ് ഡ്രൈവർ ബാബുവിനെയും നാട്ടുകാർ ചേർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സിന്ധുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ബോധരഹിതനായ ഡ്രൈവർ ബാബു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പുതുക്കാട് പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: