പത്തനംതിട്ട: തിരുവല്ലയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊലപ്പെടുത്തി. തിരുവല്ല പുളിക്കീഴിൽ കൃഷ്ണൻകുട്ടി(72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീടിനുള്ളിൽ വെച്ചാണ് അനിൽ അച്ഛനെയും അമ്മയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അനിലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
രാവിലെ 8 മണിയോടെയാണ് സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അനിൽ ലഹരിക്ക് അടിമയാണെന്നും പൊലീസ് സംശയിക്കുന്നു. വലിയ ബഹളവും നിലവിളിയും കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കൊല്ലപ്പെട്ട നിലയിൽ കൃഷ്ണൻ കുട്ടിയെയും ശാരദയെയും കാണുകയും തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.

