Headlines

ഡൽഹിയിലെ ആശ്രമത്തിന്റെ ഡയറക്ടര്‍ക്കെതിരേ ലൈംഗികാതിക്രമ ആരോപണം; സ്വാമി ചൈതന്യാനന്ദ സരസ്വതി ഒളിവിൽ

ന്യൂഡല്‍ഹി: ഡൽഹിയിലെ ആശ്രമത്തിന്റെ ഡയറക്ടര്‍ക്കെതിരേ ലൈംഗികാതിക്രമ ആരോപണം. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ 17-ഓളം വിദ്യാര്‍ഥിനികളാണ് സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാര്‍ത്ഥസാരഥിക്കെതിരേ ആരോപണം ഉന്നയിച്ചത്. ചൈതന്യാനന്ദ സരസ്വതി മോശം ഭാഷ ഉപയോഗിച്ചുവെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് വിദ്യാര്‍ഥിനികളുടെ പരാതി. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇഡബ്ല്യുഎസ് (സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം) സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളാണ് പരാതിനൽകിയത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് കുറ്റകൃത്യം നടന്ന സ്ഥലത്തും പ്രതിയുടെ വസതിയിലും റെയ്ഡ് നടത്തി. പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയി.


പ്രതിയുടെ ആവശ്യം നിറവേറ്റാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ഫാക്കല്‍റ്റിയും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും തങ്ങളെ സമ്മര്‍ദത്തിലാക്കിയെന്നും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. ആശ്രമത്തില്‍ ജോലിചെയ്യുന്ന ചില വാര്‍ഡന്‍മാര്‍ പ്രതിക്ക് തങ്ങളെ പരിചയപ്പെടുത്തിയതായും വിദ്യാര്‍ഥികളുടെ പരാതിയിലുണ്ട്. വിദ്യാര്‍ഥിനികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ ലൈംഗികാതിക്രമത്തിനും മറ്റ് കുറ്റങ്ങള്‍ക്കും കേസെടുത്തതായി സൗത്ത്-വെസ്റ്റ് ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അമിത് ഗോയല്‍ പറഞ്ഞു.

ഒളിവിൽപ്പോയ ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ആഗ്രയ്ക്ക് സമീപമാണ് ഇയാളെ അവസാനമായി കണ്ടതെന്ന് പോലീസ് പറഞ്ഞു. സ്വാമി ചൈതന്യാനന്ദ ഉപയോഗിച്ചിരുന്ന ഒരു വോള്‍വോ കാര്‍ സ്ഥാപനത്തിന്‍റെ ബേസ്‌മെന്റില്‍നിന്ന് പോലീസ് കണ്ടെത്തി. പ്രതിക്കായി പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തിവരികയാണ്. ആരോപണ വിധേയനായതോടെ ആശ്രമ ഭരണസമിതി ഇയാളെ ആശ്രമത്തില്‍നിന്ന് പുറത്താക്കി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: