ഭോപാൽ: ദലിത് യുവാവിനെ തട്ടിക്കൊണ്ടുപോയി മൂത്രം കുടിപ്പിച്ചെന്ന് പരാതി. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് സംഭവം. ബിന്ദ് നിവാസിയായ സോനു ബറുവ എന്നയാളുടെ ഡ്രൈവറായ യുവാവിനെയാണ് സോനു ബറുവയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തത്. ജോലി നിർത്തിയതിലുള്ള പകയിലായിരുന്നു ക്രൂരത.
മൂന്നു ദിവസം മുമ്പാണ് സംഭവം. അലോക് പഥക്, ഛോട്ടു ഓജ എന്നിവരോടൊപ്പമാണ് സോനു ബറുവ യുവാവിന്റെ വീട്ടിലെത്തിയത്. തുടർന്ന് തന്റെ ഡ്രൈവറായി തുടർന്നും ജോലി ചെയ്യണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ, യുവാവ് ഇവരുടെ ആവശ്യത്തിന് വഴങ്ങിയില്ല. തുടർന്ന് മൂന്നംഗ സംഘം യുവാവിനെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു.
മൂവരും ചേർന്ന് കാറിനുള്ളിൽ തന്നെ മർദ്ദിക്കുകയും മദ്യം കുടിപ്പിക്കുകയും പിന്നീട് നിർബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായി ഇര പൊലീസിനോട് പറഞ്ഞു. അകുത്പുര ഗ്രാമത്തിലെത്തിയ ശേഷം പ്രതികൾ ഇതേ പ്രവർത്തികൾ വീണ്ടും ആവർത്തിച്ചു. ചങ്ങല കൊണ്ട് കെട്ടിയിട്ട ശേഷം രാത്രി മുഴുവൻ മർദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലീസ് നടപടിയെടുക്കാൻ വൈകിയെന്ന് ആരോപിച്ച് ഭീം ആർമി അംഗങ്ങൾ ആശുപത്രിയിൽ പ്രതിഷേധം നടത്തി. നീതി ഉറപ്പാക്കിയില്ലെങ്കിൽ വലിയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. പ്രതിഷേധങ്ങളെ തുടർന്ന്, സംസ്ഥാന മന്ത്രി രാകേഷ് ശുക്ല, കലക്ടർ കിരോഡി ലാൽ മീണ, അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജീവ് പഥക് എന്നിവർ ഇരയെ സന്ദർശിച്ചു. ശരിയായ വൈദ്യസഹായം ഉറപ്പാക്കാൻ മന്ത്രി ഡോക്ടർമാർക്ക് നിർദ്ദേശം നൽകുകയും കർശന നടപടി ഉറപ്പു നൽകുകയും ചെയ്തു


