തൃശൂർ :കണ്ടെയ്നർ ലോറി തട്ടി മരക്കൊമ്പ് പൊട്ടി കാറിനുള്ളിലേക്ക് വീണ് 27 വയസ്സുകാരിക്ക് ദാരുണാന്ത്യം. കടവല്ലൂരിൽ പെരുമ്പറമ്പ് സ്വദേശി 27 വയസ്സുള്ള ആതിരയാണ് മരക്കൊമ്പ് വയറിൽ തുളച്ചുകയറി മരിച്ചത്. ഇന്ന് രാത്രി 7.25 നു തൃശൂർ ഭാഗത്തുനിന്ന് എടപ്പാൾ ഭാഗത്തേക്ക് പോകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
മുൻപിൽ പോകുകയായിരുന്ന കണ്ടെയ്നർ ലോറി റോഡിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പിൽ ഇടിച്ചതിനെ തുടർന്ന് മരത്തിന്റെ ശിഖരം പൊട്ടി കാറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ ഉടനെ കുന്നംകുളം പോലീസും കുന്നംകുളം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനത്തിനു മുകളിലെ മരക്കൊമ്പ് മുറിച്ചുമാറ്റി. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു


