പനാജി: ഗോവയിലെ വീട്ടിൽ 17 വയസ്സുള്ള ഒരു നീറ്റ് പരീക്ഷാർത്ഥി ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നീറ്റ് യു.ജി 2026 പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതിന് പിന്നാലെയാണ് സംഭവം. പരീക്ഷ റദ്ധാക്കിയതിൽ മനം നൊന്താണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്നാണ് നിഗമനം. ആത്മഹത്യയുടെ യഥാർഥ കാരണം ഇതോണോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ വിദ്യാർഥി എഴുതിയിരുന്നു. നീറ്റ് യു.ജിയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണത്തെ തുടർന്നാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി ചൊവ്വാഴ്ച പരീക്ഷ റദ്ദാക്കിയത്. 22.05 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. ചൊവ്വാഴ്ച രാത്രി 10നും 11നും ഇടയിലാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്.
മാനസിക സമ്മർദ്ദത്തിലായിരുന്ന വിദ്യാർഥി മുറിയിൽ കയറിൽ വാതിൽ അടക്കുകയായിരുന്നു. നിരവധി തവണ വിളിച്ചെങ്കിലും വാതിൽ തുറക്കാതിരുന്നതോടെ വീട്ടുകാർ വാതിൽ തകർത്തു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
രാത്രി 11.15ഓടെ 17കാരൻ ആത്മഹത്യ ചെയ്തുവെന്ന വിവരം പൊലീസ് കൺട്രോൾ റൂമിൽ ലഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിദ്യാർഥിയുടെ വീട്ടിൽനിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. മത്സരപരീക്ഷയെ തുടർന്ന് സമ്മർദ്ദം നേരിട്ടിരുന്നതായി വിദ്യാർഥി കത്തിൽ പറയുന്നതായി പൊലീസ് പറഞ്ഞു.
അതേസമയം, പരീക്ഷയിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും ആരോപിച്ച് ബുധനാഴ്ച അഞ്ച് പേരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്യുകയും ഒന്നിലധികം സംസ്ഥാനങ്ങളിലായി പരിശോധന നടത്തുകയും ചെയ്തു.


