ഡാലസ്: തുടർച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളില്‍ ഗോളടിച്ച് പുതിയ ചരിത്രം കുറിച്ച ലയണല്‍ മെസ്സിയുടെ മികവില്‍ ജോർദാനെതിരെ അർജന്റീനയ്ക്ക് തകർപ്പൻ ജയം.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അർജന്റീന ജോർദാനെ പരാജയപ്പെടുത്തിയത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച അർജന്റീന ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്.
ജൂലൈ നാലിന് നടക്കുന്ന റൗണ്ട് ഓഫ് 32-ല്‍ കേപ് വെർദെയാണ് അർജന്റീനയുടെ എതിരാളികള്‍. ആദ്യ പകുതിയില്‍ അർജന്റീനയുടെ സമ്പൂർണ്ണ ആധിപത്യമായിരുന്നു മത്സരത്തില്‍ കണ്ടത്. 19-ാം മിനിറ്റില്‍ ജിയോവാനി ലോസെല്‍സോ ഫ്രീകിക്കിലൂടെ ടീമിന് ആദ്യ ലീഡ് നല്‍കി. 31-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലൗട്ടാരോ മാർട്ടിനെസ് ലക്ഷ്യത്തിലെത്തിച്ചതോടെ അർജന്റീന 2-0ത്തിന് മുന്നിലെത്തി.
രണ്ടാം പകുതിയില്‍ ജോർദാൻ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഇഹ്‌സാൻ ഹദ്ദാദിന്റെ ക്രോസില്‍ നിന്ന് മുസ അല്‍ തമാരി ഒരു ഗോള്‍ മടക്കിയെങ്കിലും അർജന്റീനയുടെ കരുത്തിന് മുന്നില്‍ ജോർദാൻ വീണു.
മത്സരം അവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കിനില്‍ക്കെ, 80-ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ മെസ്സി പന്ത് വലയിലെത്തിച്ചതോടെ അർജന്റീന വിജയം ഉറപ്പിച്ചു. ഈ ലോകകപ്പിലെ മെസ്സിയുടെ ആറാമത്തെ ഗോളാണിത്.

