പുനലൂർ : കൊല്ലം പുനലൂരിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കിനിടയിൽ തടസം പിടിക്കാനെത്തിയ അമ്മായിയമ്മയ്ക്കാണ് ദാരുണാന്ത്യം. പുനലൂർ എച്ച്എസ് വാർഡിൽ വലിയ കാലായിൽ ദർഭവിള വീട്ടിൽ സൈത്തും ബീവി (70)യാണ് മരിച്ചത്. ചവിട്ടിയും മർദിച്ചും കൊലപ്പെടുത്തിയ മരുമകൻ ഉസ്മാൻ (60) പോലീസ് പിടിയിലായി. ബുധനാഴ്ച വൈകിട്ടോടുകൂടിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. ഉസ്മാനും ഭാര്യ ഹസീനയുമായി വഴക്കിടുകയും ഹസീനയെ ഉസ്മാൻ മർദിക്കുകയും ചെയ്തു. ഇതുകണ്ട് തടസം പിടിക്കാൻ എത്തിയതായിരുന്നു ഹസീനയുടെ മാതാവ് സൈത്തും ബീവി. ഇതിനിടെ കൂടുതൽ പ്രകോപിതനായ ഉസ്മാൻ സൈത്തും ബീവിയുടെ നെഞ്ചിൽ ചവിട്ടി താഴെയിടുകയും താഴെയിട്ട് മുഖത്തും തലയിലും മർദിക്കുകയുമായിരുന്നു.
ക്രൂരമായി പരിക്കേറ്റ സൈത്തും ബീവിയെ പുനലൂർ താലൂക്ക് ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് കേസെടുത്ത പോലീസ് ഉസ്മാനെ കസ്റ്റഡിയിലെടുത്തു. പുനലൂർ എസ് എച്ച് ഒ ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനീഷ് കുമാർ, വൈശാഖ്, ശിശിര, സിവിൽ പോലീസ് ഓഫീസർ അജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. സൈത്തും ബീവിയുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


