മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (MGNREGA എംജിഎൻആർഇജിഎ ) പദ്ധതിക്ക് പകരം കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ & ആജീവിക മിഷൻ ഗ്രാമീൺ (VBGRAMG വിബിജി റാംജി) പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. 20 വർഷത്തിന് ശേഷമാണ് പദ്ധതിയിൽ മാറ്റം വരുന്നത്.
ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ ഓബുലവാരിപ്പള്ളി മണ്ഡലത്തിലെ മുക്കവാരിപ്പള്ളി ഗ്രാമത്തിൽ ജൂലൈ 2ന് നടന്ന ചടങ്ങിൽ കേന്ദ്ര ഗ്രാമവികസന കാർഷിക കർഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ, കേന്ദ്ര സഹമന്ത്രിമാരായ ഡോ. ചന്ദ്രശേഖർ പെമ്മസാനി, കമലേഷ് പസ്വാൻ എന്നിവർ പങ്കെടുത്തു.
ഇതോടെ ആന്ധ്രാപ്രദേശ് വീണ്ടും ഒരു സുപ്രധാന ഗ്രാമീണ തൊഴിലവസര പദ്ധതിയുടെ ഉദ്ഘാടനത്തിന് വേദിയായി. 2006 ഫെബ്രുവരി 2-ന് അവിഭക്ത ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലെ ബന്ദലപ്പള്ളി ഗ്രാമത്തിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, യു.പി.എ. അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര ഗ്രാമവികസന മന്ത്രി രഘുവംശ് പ്രസാദ് സിംഗ്, അന്തരിച്ച ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡി എന്നിവർ ചേർന്നാണ് MGNREGS ഉദ്ഘാടനം ചെയ്തത്.
2026 ജൂലൈ 1 ന് നിലവിൽ വന്ന പദ്ധതിയുടെ പ്രത്യേകതകൾ
തൊഴിലുറപ്പ് പദ്ധതി പ്രകാരം കേന്ദ്രസർക്കാർ നൂറ് ശതമാനം കൂലി ചെലവ് വഹിച്ചിരുന്നിടത്ത് ഇനി മുതല്‍ 60 ശതമാനം മാത്രമേ വഹിക്കൂ..
തൊഴിലുറപ്പു പദ്ധതിയുടെ നിലവിലെ കാർഡിന്റെ പ്രാബല്യം തുടരും. പുതിയ പദ്ധതിയുടെ കാർഡ് ലഭിക്കുന്നതുവരെ, ഇകെവൈസി ചെയ്ത നിലവിലെ കാർഡുകൾ ഉപയോഗിക്കാം.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി ദിനങ്ങള്‍ 100 ആയിരുന്നെങ്കിൽ പുതിയ പദ്ധതിയില്‍ അത് 125 ആകും എന്നതാണ് ഏറ്റവും വലിയ സവിശേഷത.
കേരളത്തിൽ ദിവസവേതനം 401 രൂപയായി വർധിച്ചിട്ടുണ്ട്.
രാജ്യത്തൊരിടത്തും വിജ്ഞാപനം ചെയ്ത പ്രതിദിന വേതനം 300 രൂപയ്ക്ക് താഴെയാകില്ല. ദേശീയ ശരാശരി വേതനം പ്രതിദിനം 298.8 രൂപയിൽ നിന്ന് 327.4 രൂപയായി വർധിച്ചു. 10 ശതമാനത്തിലധികം ശരാശരി വർധനയാണിത്. ഉത്തർപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, അസം, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 15 മുതൽ 25 ശതമാനം വരെ വേതന വർധനയുണ്ടായി.
കേരളത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിൽ അവർ ഭൂനികുതി രസീത് സമർപ്പിച്ച് അപേക്ഷിച്ചാൽ നിലമൊരുക്കൽ, കാടുവെട്ടിത്തെളിക്കൽ തുടങ്ങിയ പ്രവൃത്തികൾ ചെയ്തിരുന്നു. എന്നാൽ വിബിജി റാം ജി പദ്ധതിയിൽ സ്വകാര്യ വ്യക്തികളുടേത് അടക്കം കൃഷിഭൂമിയിലെ ഭൂവികസന ജോലികൾ അനുവദിക്കില്ല. ജലസംരക്ഷണ പ്രവർത്തനങ്ങൾ മാത്രമേ ചെയ്യാനാകൂ.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്കു കീഴിൽ സ്വകാര്യ വ്യക്തികൾക്ക് വീട് നിർമാണം പോലുള്ള പദ്ധതികൾക്ക് അനുമതിയുണ്ട്.
വിബിജി റാം ജി പദ്ധതിക്കു കീഴിൽ ചെയ്യാവുന്ന 318 പ്രവൃത്തികളുടെ കരടു പട്ടിക കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു കൈമാറി
ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യം, ജീവനോപാധി അടിസ്ഥാനസൗകര്യം, ദുരന്തനിവാരണം എന്നീ നാലു വിഭാഗങ്ങളിലാണ് പ്രവൃത്തികൾ ചെയ്യേണ്ടത്.
അങ്കണവാടി, ഗ്രാമീണ ആരോഗ്യകേന്ദ്രം, വിശ്രമത്തിനായുള്ള പന്തൽ, സർക്കാർ സ്കൂളുകൾക്കും മറ്റും ചുറ്റുമതിലോ ശുചിമുറികളോ നിർമിക്കൽ അല്ലെങ്കിൽ അറ്റകുറ്റപ്പണി തുടങ്ങിയവ കരടിലുണ്ട്.
കനാലുകളും ഓവുചാലുകളും വൃത്തിയാക്കൽ, മണ്ണിടിച്ചിൽ തടയാൻ ഭിത്തി, ചെറിയ തടയണ, നീർത്തടം, കനാൽ, മഴക്കുഴികൾ തുടങ്ങിയവയുടെ നിർമാണം, കുഴൽക്കിണർ പുനരുദ്ധാരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, വനവൽക്കരണം– കാട്ടുതീ തടയൽ, റോഡ് നിർമാണം തുടങ്ങിവയും പട്ടികയിലുണ്ട്. മാലിന്യസംസ്കരണത്തിലൂടെ വരുമാനം ഉണ്ടാക്കുന്ന പദ്ധതികളും കരടിലുണ്ട്.


