കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ കാവുന്തറ സ്വദേശി പാലയാട്ട് ഷാജു–റീന ദമ്പതികളുടെ മകൾ ഇതൾ ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പനി രൂക്ഷമായതിനെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ തുടരുന്നതിനിടെ ഇന്ന് പുലർച്ചെയായിരുന്നു മരണം. മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനുള്ള തുടർനടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചുവരികയാണ്. കാവുന്തറ എ.എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഇതൾ. കുട്ടിയുടെ മരണത്തിൽ പ്രദേശത്ത് ദുഃഖാന്തരീക്ഷമാണ്. മൃതദേഹം വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചശേഷം കാവുന്തറയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ശിവാനിയാണ് സഹോദരി.


