കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ വൻ കവർച്ച. ‘ഗീതാഞ്ജലി’ എന്ന വീട്ടിൽനിന്ന് 30 പവനോളം സ്വർണം മോഷണം പോയതായി വീട്ടുകാർ പറഞ്ഞു. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ച മോഷ്ടാക്കൾ അലമാര പൊളിച്ചാണ് സ്വർണം കവർന്നത്.
വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുടുംബം സമീപത്തെ മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്ന് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് വാതിൽ കുത്തിത്തുറന്ന നിലയിലും അലമാര പൊളിച്ച നിലയിലും കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ടതായി മനസ്സിലായത്.
സംഭവം ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വീട് പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. കേസെടുത്ത പൊലീസ് മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്


