തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ കഴിഞ്ഞ നൂറിലധികം ദിവസങ്ങളായി സമരം നടത്തിവന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരപന്തൽ പൊലീസ് പൊളിച്ചുമാറ്റി. നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന സമരസമിതി നേതാവ് എസ്. വളർമതിയെ പൊലീസ് ബലംപ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൂടാതെ, മറ്റ് സമരക്കാരെയും പൊലീസ് സ്ഥലത്തുനിന്നും നീക്കം ചെയ്തു. എന്നാൽ എന്തുവിലകൊടുത്തും സമരം തുടരുമെന്നും മരിച്ചാലും പിന്മാറില്ലെന്നുമാണ് റാങ്ക് ഹോൾഡേഴ്സിന്റെ പ്രതികരണം.
രാത്രി ഒൻപതരയോടെയെത്തിയ പൊലീസ് സംഘം സമരപന്തൽ പൊളിച്ച് സാധനങ്ങൾ ലോറിയിലേക്ക് നീക്കി. വനിതാ പൊലീസ് ഉദ്യോഗസ്ഥർ വളർമതിയെ ബലമായി കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. നടപ്പാത കൈയേറി സമരപന്തലും ഫ്‌ളെക്‌സും സ്ഥാപിച്ചത് മാറ്റണമെന്ന് കന്റോൺമെന്റ് പൊലീസ് 24 മണിക്കൂർ നോട്ടീസ് കഴിഞ്ഞദിവസം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് നടപടി. ഡിവൈഎഫ്ഐ പ്രവർത്തകർ പന്തൽ പുനസ്ഥാപിക്കുകയാണ്.നാളെ സെക്രട്ടറിയേറ്റ് മാർച്ചു സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ, എഐവൈഎഫ് സംഘടനകൾ അറിയിച്ചു.


