Headlines

വാട്‌സ്ആപ്പില്‍ ഇനി മെസേജ് ഷെഡ്യൂള്‍ ചെയ്യാം; 14 ദിവസം മുന്‍പുവരെ അയക്കാം, എങ്ങനെ ഉപയോഗിക്കാം?

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ ഏറെക്കാലമായി കാത്തിരുന്ന ഫീച്ചറുമായി മെറ്റ. ഇനി മെസേജുകള്‍ നേരിട്ട് അയയ്ക്കുന്നതിന് പകരം, ഇഷ്ടമുള്ള തീയതിയിലും സമയത്തും സ്വയം അയക്കുന്ന രീതിയില്‍ ഷെഡ്യൂള്‍ ചെയ്യാം. ജന്മദിനാശംസകള്‍, പ്രധാനപ്പെട്ട ഓര്‍മപ്പെടുത്തലുകള്‍, ജോലി സംബന്ധമായ സന്ദേശങ്ങള്‍ തുടങ്ങിയവ മുന്‍കൂട്ടി തയ്യാറാക്കി വെക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. 10 മിനിറ്റ് മുതല്‍ 14 ദിവസം വരെ മുന്‍കൂട്ടി സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കും. വാട്‌സ്ആപ്പിന്റെ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട ഫീച്ചറുകളിലൊന്നാണിതെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.

വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ സൗകര്യം ഉപയോഗിക്കാം. ടെക്സ്റ്റ് മെസേജുകള്‍ മാത്രമല്ല, ഫോട്ടോകളും വിഡിയോകളും ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കും. ആഗോളതലത്തില്‍ ഘട്ടംഘട്ടമായാണ് ഫീച്ചര്‍ ലഭ്യമാക്കുന്നത്. അതിനാല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഒരേസമയം ഈ സൗകര്യം ലഭിച്ചേക്കില്ല.

മെസേജുകള്‍ എങ്ങനെ ഷെഡ്യൂള്‍ ചെയ്യാം?

വാട്‌സ്ആപ്പില്‍ മെസേജുകള്‍ ഷെഡ്യൂള്‍ ചെയ്യാന്‍ പ്രത്യേക ആപ്പുകളോ സങ്കീര്‍ണമായ സെറ്റിങ്‌സോ ആവശ്യമില്ല. ഏറ്റവും പുതിയ വാട്‌സ്ആപ്പ് പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം താഴെ പറയുന്ന ഘട്ടങ്ങള്‍ പിന്തുടരാം.

  1. സന്ദേശം അയക്കേണ്ട വ്യക്തിയുടെ ചാറ്റോ ഗ്രൂപ്പോ തെരഞ്ഞെടുക്കുക.
  2. അയക്കാന്‍ ഉദ്ദേശിക്കുന്ന മെസേജ് ടൈപ്പ് ചെയ്യുക.
  3. മെസേജ് അയക്കുന്നതിനുള്ള സെന്‍ഡ് ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക.
  4. മെസേജ് അയക്കേണ്ട തീയതിയും സമയവും തെരഞ്ഞെടുക്കുക.
  5. തെരഞ്ഞെടുത്ത സമയവും തീയതിയും സ്ഥിരീകരിക്കുക.

ഇതോടെ മെസേജ് ഷെഡ്യൂള്‍ ചെയ്യപ്പെടും. നിശ്ചയിച്ച സമയത്ത് സന്ദേശം സ്വയം അയക്കപ്പെടും. സ്വീകര്‍ത്താവിന് സാധാരണ സന്ദേശം ലഭിക്കുന്നതുപോലെ തന്നെയായിരിക്കും ഷെഡ്യൂള്‍ ചെയ്ത മെസേജും കാണാനാകുക. നേരത്തെ തയ്യാറാക്കി വെച്ചതാണെന്ന് സ്വീകര്‍ത്താവിന് പ്രത്യേക അറിയിപ്പ് ലഭിക്കില്ല.

ഷെഡ്യൂള്‍ ചെയ്തിട്ടുള്ള എല്ലാ മെസേജുകളും ഒരിടത്ത് കാണാനുള്ള സൗകര്യവും വാട്‌സാപ്പ് ഒരുക്കുന്നുണ്ട്. അയക്കുന്നതിന് മുന്‍പ് തീരുമാനം മാറ്റുകയാണെങ്കില്‍ അത് ഡിലീറ്റ് ചെയ്യാനും സാധിക്കും. ഇങ്ങനെ ഡിലീറ്റ് ചെയ്താല്‍ ആ മെസേജ് സ്വീകര്‍ത്താവിന് ലഭിക്കില്ല.

ഫോണ്‍ ഓഫ് ആയാലും സന്ദേശം അയയ്ക്കപ്പെടുമോ?

പുതിയ ഫീച്ചറിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണിത്. മെസേജ് ഷെഡ്യൂള്‍ ചെയ്ത സമയത്ത് അയക്കുന്നയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയാലും ബാറ്ററി തീര്‍ന്നാലും കൃത്യസമയത്ത് സ്വീകര്‍ത്താവിന് ലഭിക്കുമെന്ന് വാട്‌സാപ്പ് വ്യക്തമാക്കുന്നു. അതായത്, മെസേജ് അയക്കുന്നതിനായി ആ സമയത്ത് ഫോണ്‍ ഓണ്‍ ചെയ്തിരിക്കണമെന്നില്ല.

ഷെഡ്യൂള്‍ ചെയ്യുന്ന മെസേജുകള്‍ക്കും വാട്‌സ്ആപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ ലഭിക്കും. അതായത് അയക്കുന്നയാള്‍ക്കും സന്ദേശം ലഭിക്കുന്നയാള്‍ക്കും മാത്രമേ വായിക്കാന്‍ സാധിക്കൂ. വാട്‌സ്ആപ്പിന് പോലും ഉള്ളടക്കം വായിക്കാന്‍ കഴിയില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.

ടെലഗ്രാമിനും സിഗ്‌നലിനും പിന്നാലെ വാട്‌സ്ആപ്പും

മെസേജുകള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള സൗകര്യം ടെലഗ്രാം, സിഗ്‌നല്‍ തുടങ്ങിയ മെസേജിങ് പ്ലാറ്റ്‌ഫോമുകളില്‍ നേരത്തേ തന്നെ ലഭ്യമായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വാട്‌സ്ആപ്പും ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ലോകത്താകെ മൂന്ന് ബില്യനിലധികം ഉപയോക്താക്കളുള്ള വാട്‌സ്ആപ്പിന് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ളത്. 50 കോടിയിലധികം ഇന്ത്യക്കാര്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. വാട്‌സ്ആപ്പ് ചാനലുകളിലും ഭാവിയില്‍ സന്ദേശങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള സൗകര്യം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: