കാസർകോട്: കാസർകോട് സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുഹമ്മദ് അൻസാറിനെതിരെയാണ് (23) പൊലീസ് കേസെടുത്തത്.
പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ്‌ലൈൻ മുഖേന പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പ്രതിയായ മുഹമ്മദ് അൻസാർ സ്നാപ്ചാറ്റ് വഴിയാണ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഈ സൗഹൃദം മുതലെടുത്ത് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുട്ടി മാനസികമായ ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സ്കൂളിലെ കൗൺസിലർ നടത്തിയ വിശദമായ കൗൺസിലിങ്ങിലാണ് കുട്ടി തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. നിലവിൽ ഒളിവിൽ പോയ പ്രതി മുഹമ്മദ് അൻസാറിനായി കാസർകോട് ടൗൺ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്നാണ് സൂചന.


