തിരുവനന്തപുരം: അന്തരിച്ച കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകാൻ തീരുമാനം. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിയമനം. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് റവന്യൂ വകുപ്പ് ഇന്ന് വൈകിട്ടോടെ പുറപ്പെടുവിച്ചു.
ആശ്രിത നിയമന (സമാശ്വാസ തൊഴിൽദാന) പദ്ധതി പ്രകാരമാണ് ഈ സവിശേഷ നിയമനം. ചട്ടങ്ങളിൽ ആവശ്യമായ ഇളവുകൾ നൽകിക്കൊണ്ടാണ് റവന്യൂ വകുപ്പിന്റെ അടിയന്തര നടപടി. നിയമനവുമായി ബന്ധപ്പെട്ട തുടർന്നുള്ള ഔദ്യോഗിക നടപടികൾ ഭക്ഷ്യസുരക്ഷാ കമ്മീഷണർ സ്വീകരിക്കും.
കണ്ണൂർ എഡിഎം ആയിരിക്കെ നവീൻ ബാബുവിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച വലിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കുടുംബത്തിന് താങ്ങാകാൻ സർക്കാർ ഈ വേഗതയേറിയ നടപടി കൈക്കൊണ്ടിരിക്കുന്നത്


