ന്യൂഡൽഹി: സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെയും യൂട്യൂബർ ധ്രുവ് റാഠിയെയും പോലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ് ഇവരെ വിട്ടയക്കാൻ ഉത്തരവിട്ടത്. ഇനി പ്രതിഷേധങ്ങളിൽ പങ്കെടുത്തോ സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഒരുവർഷത്തേക്ക് ഏർപ്പെടരുതെന്ന കർശന മുന്നറിയിപ്പോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ 10.30 ഓടെ കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളെ 24 മണിക്കൂറിന് ശേഷമാണ് പോലീസ് വിട്ടയച്ചത്. ഒരു വർഷത്തേക്ക് സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവർത്തികളിൽ ഏർപ്പെടരുത് എന്ന കർശന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചത്. തുടർന്ന് നേതാക്കൾ വാഹനത്തിൽ സ്റ്റേഷനിൽ നിന്നും മടങ്ങി. അതേസമയം, പോലീസിന് തങ്ങളെ വിട്ടയക്കേണ്ടി വന്നതാണെന്നും ‘കോക്രോച്ചുകൾ ഒരിക്കലും മരിക്കില്ലെ’ന്നും സിജെപി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇന്നലത്തെ സമരവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ 20 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമം കൈയിലെടുക്കാൻ ശ്രമിച്ചു, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, പോലീസിനെ ആക്രമിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും തുടർ സമരപരിപാടികൾ പ്രഖ്യാപിക്കുമെന്നും സിജെപി നേതാവ് അശുതോഷ് രംഗ അറിയിച്ചു.
അതേസമയം, ഡൽഹി പോലീസ് പറഞ്ഞത് നുണയെന്ന് ദീപ്കെയുടെ കുടുംബം ആരോപിച്ചു. അഭിജിത് ദീപ്കെയെ ബന്ധപ്പെടാൻ ആയില്ലെന്ന് അമ്മ അനിത ദീപ്കെ വ്യക്തമാക്കി. മുത്തശ്ശിയുടെ മരണവിവരം അറിഞ്ഞാൽ അഭിജീത് എന്തായാലും തിരികെയെത്തുമെന്നും സംസ്കാര ചടങ്ങുകൾ അഭിജീത് വന്നതിനുശേഷം മാത്രമേ നടത്തൂവെന്നും കുടുംബം അറിയിച്ചു.

