കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ വിമതരായ എംഎൽഎമാരിലെ ഒരാളായ കാസിം സിദ്ദിഖി മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ ക്യാമ്പിലേക്ക് മടങ്ങിയെത്തി. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിൽ ചേർന്ന് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ ഈ മടക്കം. നോർത്ത് 24 പർഗാനാസിലെ അംദംഗ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ താൻ എപ്പോഴും മമത ബാനർജിക്കൊപ്പമായിരുന്നുവെന്നും അവിടെ തന്നെ തുടരുമെന്നും വ്യക്തമാക്കി.
മമത ബാനർജിയുടെ നേതൃത്വത്തിൽ തന്നെയാണ് പ്രവർത്തിക്കുക എന്ന് പറഞ്ഞാണ് തന്നെ വിമത വിഭാഗം കൊണ്ടുപോയതെന്ന് കാസിം വെളിപ്പെടുത്തി. എന്നാൽ പിന്നീടാണ് യാഥാർത്ഥ്യം മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒരു രേഖയിൽ ഒപ്പിടാനാണ് ഞങ്ങളോട് ആവശ്യപ്പെട്ടത്. ആ ഒപ്പ് ദീദിയുടെ അടുക്കൽ എത്തുമെന്നും പറഞ്ഞിരുന്നു. ഞങ്ങൾ എപ്പോഴും ദീദിക്കൊപ്പമുണ്ട്. എന്നാൽ വിമത ക്യാമ്പിൽ എത്തിയപ്പോൾ അവിടെ ദീദിയെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായിരുന്നില്ല. ദീദിയാണ് ഞങ്ങൾക്ക് എല്ലാം. അവരാണ് ടിക്കറ്റ് തന്ന് ഞങ്ങളെ നിയമസഭയിലേക്ക് അയച്ചത്. അവരുടെ ചിത്രം കാണിച്ചാണ് ഞങ്ങൾ വോട്ട് ചോദിച്ചതും വിജയിച്ചതും” എന്ന് കാസിം സിദ്ദിഖി പറഞ്ഞു
ഹുഗ്ലി ജില്ലയിലെ പ്രശസ്തമായ ഫുർഫുറ ശരീഫ് ദർഗ കുടുംബാംഗമായ കാസിം സിദ്ദിഖി, മുസ്ലിം സമുദായത്തിനിടയിൽ നിർണായക സ്വാധീനമുള്ള നേതാവാണ്. കഴിഞ്ഞ വർഷമാണ് കാസിം സിദ്ദിഖി തൃണമൂൽ കോൺഗ്രസിൽ ചേർന്നതും തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറിയായി നിയമിതനായതും. അതിനു ശേഷമാണ് അംദംഗ മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ചത്


