കാറിന് തീപിടിച്ച് ഏഴുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച സോനയുടെ കുടുംബം

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച സോനയുടെ കുടുംബം രംഗത്ത്. ചെറുവണ്ണൂർ കക്കറമുക്ക് എന്ന സ്ഥലത്ത് വെച്ച് വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചാണ് രജിൻ ലാലിന്റെ ഭാര്യ, ഏഴുമാസം ഗർഭിണിയായ സോന പൊള്ളലേറ്റ് മരിച്ചത്. ഭർത്താവും സോനയും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അപകടത്തെപ്പറ്റി പല സംശയങ്ങളും ഉണ്ടെന്നും കുടുംബം ആരോപിക്കുന്നു. അപകടത്തിൽ സംശയമുണ്ടെന്നും മേൽ ഉദ്യോഗസ്ഥന്മാരുടെ ശക്തമായ അന്വേഷണം വേണമെന്നുമുള്ള നിലപാടിലാണ് സോനയുടെ ബന്ധുക്കൾ. പൊലീസിലും വനിത കമ്മിഷനിലും ബന്ധുക്കൾ പരാതി നൽകാൻ ഒരുങ്ങുകയാണ്.

രജിൻ ഗൾഫിൽ ആയിരിക്കെ സാമൂഹികമാധ്യമത്തിലൂടെയാണ് ഇരുവരും അടുപ്പത്തിലായതെന്ന് സോനയുടെ അമ്മാവൻ എ.കെ.സത്യൻ പറഞ്ഞു. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചതിനിടെ രജിനെ മറ്റൊരു യുവതിയുമായി വിവാഹത്തിന് വീട്ടുകാർ പ്രേരിപ്പിച്ചു. ഇതറിഞ്ഞ സോന വടകരയിൽ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കാൻ പോയെങ്കിലും അതുകണ്ടു ചിലർ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചക്കൊടുവിലാണ് രജിൻ സോനയെ വിവാഹം ചെയ്യാമെന്ന് ഉറപ്പുനൽകിയത്. ഇരുവീട്ടുകാർക്കും എതിർപ്പായതിനാൽ 2023 ൽ ഇരുവരും റജിസ്റ്റർ വിവാഹം ചെയ്തു.

വിവാഹശേഷം സോനയുടെ വീട്ടുകാർ അത്ര സഹകരണത്തിൽ ആയിരുന്നില്ല. ഗർഭിണിയായ ശേഷമാണ് വീട്ടുകാർ തമ്മിൽ വലിയ പ്രശ്നങ്ങളില്ലാതെ പോയത്. ഒരു ബന്ധുവിനോടു തനിക്ക് ഭർതൃവീട്ടിൽ വലിയ സമ്മർദം ഉണ്ടെന്നു സോന വെളിപ്പെടുത്തിയിരുന്നതായും അതിനാൽ തന്നെയാണ് ആസൂത്രിത കൊലപാതകമാണെന്നു സംശയിക്കുന്നതെന്നും സത്യൻ പറഞ്ഞു.

തീപിടിത്തം ഉണ്ടായത് കാറിന്റെ പിന്നിൽ നിന്നാണ് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. മരിച്ച സോന ഏഴു മാസം ഗർഭിണിയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കണ്ടു മടങ്ങുന്നതിനിടെയാണ് ചെറുവണ്ണൂരിൽനിന്ന് കക്കറമുക്കിലേക്കുള്ള റോഡിൽ എടോളിത്താഴെ വച്ച് കാറിനു തീപിടിച്ചത്. വീടിന് രണ്ടു കിലോമീറ്റർ മാത്രം അകലെയാണ് കാറിൽ തീപിടിത്തം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം കാരണം കാറിന്റെ പിൻസീറ്റിൽ സോന കിടക്കുകയായിരുന്നുവെന്നാണ് രജിൻലാൽ നാട്ടുകാരോടു പറഞ്ഞത്.

കാറോടിച്ച ഭർത്താവ് രജിൻലാൽ(34) തീപിടിച്ചതിനു പിന്നാലെ പുറത്തിറങ്ങി സമീപത്തെ തോട്ടിൽ വസ്ത്രത്തിൽ പടർന്ന തീ അണയ്ക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഓടിക്കൂടിയ നാട്ടുകാർ കണ്ടത്. ഈ സമയം കാറിനുള്ളിൽ സോനയുള്ള വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തുടർന്ന് ഭാര്യ കാറിനുള്ളിലുണ്ടെന്ന് രജിൻ പറഞ്ഞതു പ്രകാരമാണ് കാറിൽനിന്ന് സോനയെ പുറത്തെടുക്കാൻ ശ്രമിച്ചത്. അപ്പോഴേക്കും കാറിൽ വലിയ തോതിൽ തീപിടിച്ചിരുന്നു. കാറിനുള്ളിൽ മുകൾവശത്തെ ഭാഗങ്ങൾ സോനയ്ക്കു മേൽ വീണ സ്ഥിതിയിലായിരുന്നു. ഡോർ തുറക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. തൊട്ടടുത്ത വയലിൽനിന്ന് വെള്ളം കോരി ഒഴിച്ച ശേഷം കാറിന്റെ ചില്ലു തകർത്താണ് നാട്ടുകാർ ബെഡ്‌ഷീറ്റിൽ കിടത്തി സോനയെ പുറത്തെടുത്തത്. ഉടൻ തന്നെ സോനയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പേരാമ്പ്രയിൽനിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് ഇതിനിടെ കാറിലെ തീ പൂർണമായും കെടുത്തിയത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും അന്വേഷണം തുടരുന്നു. പെട്രോൾ ടാങ്കുമായി ബന്ധപ്പെട്ട ലീക്കോ മറ്റ് പ്രശ്നങ്ങളോ ആയിരിക്കാം അപകടകാരണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തിൽ വിശദമായ പരിശോധനകൾ ആവശ്യമുണ്ട്. കത്തിയ കാറിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു.

ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. സോനയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: