ഭാര്യയുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തികയറ്റി; ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം

റായ്പുർ: ഭർത്താവിന്റെ ക്രൂര മർദനത്തിനിരയായ 23കാരിയായ ഗർഭിണി ദാരുണമായി കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. ഛത്തിസ്ഗഡിലെ അംബികാപുരിലാണ് സംഭവം. സകാരിയ സ്വദേശിനിയായ ഹീരാഭായിയാണ് കൊല്ലപ്പെട്ടത്.

മേയ് 14നാണ് സംഭവം നടന്നത്. വീട്ടിനുള്ളിൽവച്ച് ഭർത്താവ് പ്രദീപ് അഗാരിയ യുവതിയെ അതിക്രൂരമായി മർദിച്ചതായാണ് പൊലീസ് കണ്ടെത്തിയത്. പിന്നാലെ യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുൻപേ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

യുവതി മൂന്നുമാസം ഗർഭിണിയായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശരീരമൊട്ടാകെ നിരവധി ഗുരുതര പരിക്കുകൾ കണ്ടെത്തിയതായും മെഡിക്കൽ സംഘം വ്യക്തമാക്കി. തലയ്ക്ക് ഉൾപ്പെടെ ശക്തമായ മർദനമേറ്റതിന്റെ തെളിവുകൾ റിപ്പോർട്ടിലുണ്ട്. ആന്തരിക പരിക്കുകളും ഗുരുതരമായിരുന്നുവെന്നാണ് സൂചന.

ഫോറൻസിക് പരിശോധനയിൽ ആക്രമണത്തിനുപയോഗിച്ച ഇരുമ്പുദണ്ഡും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ശരീരത്തിൽ കുറഞ്ഞത് 18 ഗുരുതര മുറിവുകൾ ഉണ്ടായിരുന്നുവെന്നും മെഡിക്കൽ വിദഗ്ധർ പറയുന്നു. ആക്രമണത്തിന്റെ ആഘാതത്തിൽ ഗർഭസ്ഥ ശിശുവിന്റെയും ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പ്രദീപ് അഗാരിയ ഭാര്യയെ പതിവായി മർദിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. പ്രദേശവാസികൾക്കും ഇയാൾ ഒരു പൊതുശല്യമായിരുന്നുവെന്നും വിവരമുണ്ട്. പ്രണയവിവാഹമായിരുന്ന ദമ്പതികൾക്ക് നാല് ചെറിയ കുട്ടികളുണ്ട്. സംഭവം നടക്കുമ്പോൾ കുട്ടികളും വീട്ടിലുണ്ടായിരുന്നുവെന്നാണ് വിവരം. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നതെന്നും നാട്ടുകാർ പറയുന്നു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: