എനിക്ക് മരണ ഭയമില്ല; ഈ വർഷം ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുമെന്ന് ഷെയ്ഖ് ഹസീന



വധശിക്ഷയടക്കമുള്ള കടുത്ത ഭീഷണികൾ നിലനിൽക്കെ ഈ വർഷം തന്നെ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീന. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക ഇമെയിൽ അഭിമുഖത്തിലാണ് നിലവിൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഹസീന തന്റെ രാഷ്ട്രീയ തിരിച്ചുവരവിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.

ബംഗ്ലാദേശിൽ നിന്നും പുറത്താക്കപ്പെട്ട് ഏകദേശം രണ്ടു വർഷത്തിന് ശേഷമാണ് എല്ലാത്തരം പ്രതികൂല സാഹചര്യങ്ങളെയും തള്ളികളയുന്ന തരത്തിലുള്ള ഹസീനയുടെ പ്രതികരണം.

തന്റെ മടങ്ങിവരവ് അധികാരമോഹങ്ങൾ കൊണ്ടല്ല, മറിച്ച് ബംഗ്ലാദേശിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനും വേണ്ടിയാണെന്ന് ഹസീന പറഞ്ഞു. തനിക്കെതിരെയുള്ള കോടതിവിധികൾ രാഷ്ട്രീയ പ്രേരിതവും ഭരണഘടനാ വിരുദ്ധമാണെന്നും അവർ അഭിമുഖത്തിൽ വ്യക്തമാക്കി.’എനിക്ക് മരണ ഭയമില്ല. 1975ൽ എന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയുമടക്കം ഏതാണ്ട് എല്ലാ കുടുംബംഗങ്ങളെയും എനിക്ക് നഷ്ടമായി. ഗ്രനേഡ്ആക്രമണങ്ങളിൽ നിന്നും ഒട്ടേറെ ഗൂഢാലോചനകളിൽ നിന്നുമൊക്കെ രക്ഷപ്പെട്ടാണ് ഞാൻ ബംഗ്ലാദേശ് ജനതയ്‌ക്കൊപ്പം നിന്നത്. എല്ലാ തടസങ്ങളെയും അതിജീവിച്ച് ഈ വർഷം തന്നെ എന്റെ രാജ്യത്തേക്ക് ഞാൻ മടങ്ങിയെത്തും.’- ഷെയ്ഖ് ഹസീന പറഞ്ഞു.മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ ഇടക്കാല സർക്കാരിന്റെയും, പിന്നീട് അധികാരത്തിൽ വന്ന ബിഎൻപി സർക്കാരിന്റെയും കാലത്ത് രാജ്യത്ത് ജനാധിപത്യ തകർച്ചയും ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും വർദ്ധിച്ചതായി ഹസീന ആരോപിച്ചു. പാർട്ടിക്ക് നിരോധനമുണ്ടെങ്കിലും ബംഗ്ലാദേശിലുടനീളം അവാമി ലീഗിന് അനുകൂലമായി ജനങ്ങൾ സ്വമേധയാ തെരുവിലിറങ്ങുന്നുണ്ടെന്നും ജന പിന്തുണയോടെ പാർട്ടി വീണ്ടും അധികാരത്തിലേക്ക് തിരിച്ചുവരുമെന്നും ഹസീന ആത്മവിശ്വാസം പ്രകടിപ്പിച്ചു.എത്രയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും അവാമി ലീഗ് ബംഗ്ലാദേശിന്റെ മണ്ണിൽ വേരുറച്ച പ്രസ്ഥാനമാണെന്നും കനത്ത സുരക്ഷാ വിലക്കുകൾ ലംഘിച്ചും പാർട്ടി പ്രവർത്തകർ ഒന്നിച്ചുനിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: