പത്തനംതിട്ട: സിപിഎം സ്ഥാനാർഥി നിർണയത്തിനെതിരെ മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്ജ് രംഗത്ത്. മത്സരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജില്ലാ നേതൃത്വം അത് പരിഗണിച്ചില്ലെന്നും നിർബന്ധിച്ച് മത്സരിപ്പിച്ചുവെന്നുമാണ് അവർ പറഞ്ഞത്. ഇക്കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും അവർ വ്യക്തമാക്കി. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് വീണ ജോർജ്ജ് ഇക്കാര്യം പറഞ്ഞത്
ഇതിനിടെ, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകൾക്കു പിന്നാലെ എറണാകുളത്തും പാർട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എന്നിവരുടെ പ്രവർത്തനശൈലിയാണ് ജില്ലയിലെ സമ്പൂർണ തോൽവിക്കു കാരണമായതെന്ന വിമർശനം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ സമിതിയിലും ഉയർന്നതായി റിപ്പോർട്ടുണ്ട്. മുൻ മന്ത്രി പി രാജീവിനെയും ജില്ലാ കമ്മിറ്റി യോഗത്തിൽ നേതാക്കൾ രൂക്ഷമായി വിമർശിച്ചു.
2021 നിയമസഭ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകൾ നേടിയ എൽഡിഎഫ്, ഇത്തവണ എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും പരാജയപ്പെട്ടു. ജില്ലയിൽ പാർട്ടിയുടെ പ്രവർത്തനം ഏകാധിപത്യ രീതിയിലായിരുന്നുവെന്നാരോപിച്ചും പി. രാജീവിന്റെ പ്രവർത്തനശൈലി തിരിച്ചടിയായെന്നുമാണ് വിമർശനം. കളമശേരി മണ്ഡലത്തിലും രാജീവ് പരാജയപ്പെട്ടിരുന്നു.
കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിച്ച ലാളിത്യം ഭരണത്തിൽ പ്രകടമായില്ലെന്നും മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും പ്രസ്താവനകളും നിലപാടുകളും തിരിച്ചടിയായെന്നുമാണ് യോഗങ്ങളിൽ വിമർശനം ഉയർന്നത്. സ്ഥാനാർഥിപ്പട്ടിക നിർബന്ധിച്ച് അംഗീകരിപ്പിച്ചുവെന്ന ആരോപണവും പാർട്ടി വൃത്തങ്ങളിൽ ശക്തമായി ഉയരുന്നുണ്ട്.


