Headlines

10 ലക്ഷം കൊടുത്ത് നീറ്റ് ചോദ്യപ്പേപ്പ‍ർ വാങ്ങി, പക്ഷേ മകന് 720ല്‍ ആകെ കിട്ടിയത് 107 മാർക്ക് മാത്രം; ഒരു കുടംബത്തിലെ മൂന്ന് പേർ അറസ്റ്റിൽ


     

ന്യൂഡൽഹി : നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയ സിബിഐ രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. യഥാർത്ഥ ചോദ്യപേപ്പറിനോട് അങ്ങേയറ്റം സാമ്യമുള്ള ‘ഗസ് പേപ്പർ’ സംഘടിപ്പിച്ച് കോച്ചിംഗ് സെന്‍ററുകൾ വഴി വിതരണം ചെയ്ത ദിനേഷ് ബിവാൽ, സഹോദരൻ മംഗിലാൽ ബിവാൽ, മംഗിലാലിന്‍റെ മൂത്ത മകൻ വികാസ് എന്നിവരാണ് പിടിയിലായത്. ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിനും ഉദ്യോഗാർത്ഥികളെ ഏകോപിപ്പിക്കുന്നതിനുമായി സിക്കാറിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. പരീക്ഷയ്ക്ക് മുൻപ് തന്നെ ഈ ചോർന്ന ചോദ്യപേപ്പർ ലഭിച്ചതായി കരുതുന്ന ദിനേഷ് ബിവാൽ എന്ന പ്രതിയുടെ മകൻ ഋഷി ബിവാലിനായി സിബിഐ ഇപ്പോൾ തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

തന്‍റെ മകന് പരീക്ഷയിൽ ഉയർന്ന വിജയം നേടിക്കൊടുക്കുന്നതിനായി പത്ത് ലക്ഷത്തോളം രൂപ നൽകിയാണ് ദിനേഷ് ചോദ്യപേപ്പർ സംഘടിപ്പിച്ചതെന്ന് സിബിഐ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പർ കൈയിൽ കിട്ടിയിട്ടും 720 മാർക്കിന്‍റെ പരീക്ഷയിൽ വെറും 107 മാർക്ക് മാത്രമാണ് ഋഷി ബിവാലിന് നേടാനായത്. മുൻകാല പരീക്ഷകളിലും അത്യന്തം മോശം പ്രകടനമാണ് ഈ വിദ്യാർത്ഥി കാഴ്ചവെച്ചിട്ടുള്ളത് എന്ന് അന്വേഷണത്തിൽ വ്യക്തമായി. രാജസ്ഥാൻ ബോർഡിന്‍റെ പത്താം ക്ലാസ് പരീക്ഷയിൽ 44 ശതമാനം മാർക്ക് മാത്രം നേടിയ ഋഷി, ഇക്കഴിഞ്ഞ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കിന്റെ സഹായത്തോടെയാണ് കഷ്ടിച്ച് രണ്ടാം ക്ലാസ്സോടെ ജയിച്ചത്. ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ പ്രധാന വിഷയങ്ങളിലെ തിയറി പരീക്ഷകളിൽ വളരെ കുറഞ്ഞ മാർക്ക് മാത്രമുണ്ടായിട്ടും ഈ വിദ്യാർത്ഥിയെ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് ഇരുത്താൻ കുടുംബം നിർബന്ധിക്കുകയായിരുന്നു.

ഈ മാഫിയാ സംഘത്തിന്‍റെ കൂടുതൽ വിവരങ്ങൾ സിബിഐ ശേഖരിച്ചു വരികയാണ്. ചോദ്യപേപ്പർ ചോർത്തി നൽകിയ സംഘത്തിൽ കുറിയർമാരായി പ്രവർത്തിച്ചുകൊണ്ട് ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ചോദ്യപേപ്പർ എത്തിച്ചു നൽകിയതിൽ ദിനേഷിനും കുടുംബത്തിനും വലിയ പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഈ ചോർച്ചാ ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നൂറ്റമ്പതോളം വിദ്യാർത്ഥികൾ ഇപ്പോൾ സിബിഐയുടെ നിരീക്ഷണത്തിലാണ്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വലിയൊരു മാഫിയയെ തന്നെയാണ് വരും ദിവസങ്ങളിൽ സിബിഐ പുറത്തുകൊണ്ടുവരാൻ ഒരുങ്ങുന്നത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: