പാലക്കാട് :സിപിഐ
പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ. ഉൾപ്പെടെ 11 പേർ രാജിവെച്ചു. പാർട്ടി ജില്ലാഘടകത്തിലെ വിഭാഗീയതയെത്തുടർന്നാണ് രാജി. ജില്ലയിലെ സിപിഐയുടെ ഏക എംഎൽഎയാണ് മുഹ്സിൻ.
മുഹമ്മദ് മുഹ്സിൻ ,പാലോട് മണികണ്ഠൻ,സി കെ അബ്ദുറഹ്മാൻ ,സീമ കൊങ്ങശ്ശേരി, കൊടിയിൽ രാമകൃഷ്ണൻ ,പി കെ സുഭാഷ്,ആർ രാധാകൃഷ്ണൻ , എം ആർ നാരായണൻ ,കെ എൻ മോഹനൻ ,എം എസ് രാമചന്ദ്രൻ ,ടി എസ് ദാസ് , എന്നിവരാണ് ജില്ലാ കമ്മിറ്റിയിൽ നിന്നും രാജിവച്ചത്. പട്ടാമ്പി, മണ്ണാർക്കാട്, നെന്മാറ, ആലത്തൂർ, കുഴൽമന്ദം, തുടങ്ങിയ മണ്ഡലം കമ്മിറ്റികളിൽ നിന്നും അമ്പതിലധികം മണ്ഡലം കമ്മിറ്റി അംഗങ്ങളും രാജിവച്ചിട്ടുണ്ട്.ജില്ലാനേതൃത്വത്തിന്റേത് ഏകപക്ഷീയ നടപടികളെന്നാരോപിച്ചാണ് ഇവരുടെയെല്ലാം രാജി. മുഹ്സിനെ നേരത്ത ജില്ലാ എക്സിക്യൂട്ടീവിൽനിന്ന് ജില്ലാകൗൺസിലിലേക്ക് തരം താഴ്ത്തിയിരുന്നു.
പട്ടാമ്പിയിൽ കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന ജില്ലാസമ്മേളന ത്തിൽ വലിയതോതിൽ വിഭാഗീയപ്രവർത്തനം നടന്നെന്ന് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെപി സുരേഷ് രാജിനെ അനുകൂലിക്കുന്നവർ ആരോപിച്ചിരുന്നു.സമ്മേളനത്തിലുണ്ടായ വിഭാഗീയപ്രവണതകളെക്കുറിച്ച് അന്വേഷിക്കാൻ മുൻ ജില്ലാസെക്രട്ടറി ടി സിദ്ധാർഥൻ കൺവീനറായ മൂന്നംഗസമിതിയെയാണ് നിയോഗിച്ചിരുന്നത്. ഈ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിലാണ് മുഹമ്മദ് മുഹ്സിനെ ജില്ലാ എക്സിക്യൂട്ടീവിൽനിന്ന് ജില്ലാകൗൺസിലിലേക്ക് തരം താഴ്ത്തിയത്.
ജില്ലാകൗൺസിലംഗം കോടിയിൽ രാമകൃഷ്ണനെയും പട്ടാമ്പി മണ്ഡലം സെക്രട്ടറി പി കെ സുഭാഷിനെയും ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്താനും തീരുമാനമെടുത്തിരുന്നു. എഐടിയുസി സംസ്ഥാനനേതാവ് കെ സി ജയപാലനുൾപ്പെടെ ഏതാനും ജില്ലാ കമ്മിറ്റി അംഗങ്ങളെ താക്കീതു
ചെയ്യുകയുമുണ്ടായി.
ജില്ലാകൗൺസിൽ അംഗങ്ങളായ 22 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടിനൽകാൻ അനുവദിച്ച സമയം ഞായറാഴ്ച അവസാനിച്ചു.ഇതിനിടെയാണ് രാജിവിവരങ്ങൾ പുറത്തുവരുന്നത്.എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗികപ്രതികരണത്തിന് പാർട്ടി നേതൃത്വം തയ്യാറായിട്ടില്ല.
ജില്ലാഘടകത്തിലെ വിഭാഗീയത ബഹുജന സംഘടനകളിലേയ്ക്കും വ്യാപിക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം എഐറ്റിയുസി കൊല്ലങ്കോട് മണ്ഡലം സമ്മേളനം ബഹളത്തിൽ കലാശിച്ചിരുന്നു. ജില്ലയിൽ മഹിളാസംഘം,എഐറ്റിയുസി, സമ്മേളനങ്ങൾ നടക്കുകയാണ്. ഈ സമ്മേളനങ്ങളിലും വിഭാഗീയത രൂക്ഷമാകുമെന്നാണ് സൂചന

