Headlines

ടി20 ലോകകപ്പ്: ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ അമേരിക്ക കാനഡയെ 7 വിക്കറ്റിന് തകർത്തു

ഡാലസ്: ടി20 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ അതിഥേയരായ അമേരിക്ക എതിരാളികളായ കാനഡയെ പരാജയപ്പെടുത്തി. ഓപ്പണർ സ്റ്റീവൻ ടെയ്‌ലർ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ പുറത്തായിരുന്നു. തൊട്ടുപിന്നാലെ ക്യാപ്റ്റൻ മൊണാക് പട്ടേൽ 16 റൺസ് മാത്രം എടുത്ത് ഔട്ടായി. എന്നാൽ, ആരോൺ ജോൺസിന്റെ കടന്നാക്രമണത്തിലൂടെ ഫോം വീണ്ടെടുത്ത ടീം ഏഴു വിക്കറ്റിനാണ് കാനഡയെ അടിയറവ് പറയിച്ചത്.

ആദ്യം ബാറ്റിംഗിനിറങ്ങിയ കാനഡ ഉയർത്തിയ 195 റൺസ് എന്ന വിജയലക്ഷ്യം 17.4 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് അമേരിക്ക മറികടന്നത്. ആരോൺ ജോൺസിന്റെ കടന്നാക്രമണമാണ് അമേരിക്കക്ക് തുണയായത്. മൂന്നാം വിക്കറ്റിൽ ജോൺസ് – ഗോസ് സഖ്യം കൂട്ടിച്ചേർത്ത 131 റൺസ് യുഎസിന്റെ ജയം എളുപ്പമാക്കി. ആൻഡ്രിസ് ഗോസ് അർധ സെഞ്ചുറിയുമായി ജോൺസിന് ഉറച്ച പിന്തുണ നൽകി. വെറും 40 പന്തുകൾ നേരിട്ട ജോൺസ് 10 സിക്‌സും നാല് ഫോറുമടക്കം 94 റൺസോടെ പുറത്താകാതെ നിന്നു. ആൻഡ്രിസ് ഗോസ് 46 പന്തിൽ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 65 റൺസെടുത്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന കാനഡ ഇന്ത്യൻ വംശജനായ നവ്നീത് ധാലിവാളിന്റെയും നിക്കോളാസ് കിർട്ടന്റെയും അർധ സെഞ്ചുറിക്കരുത്തിൽ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തിരുന്നു.

44 പന്തിൽ നിന്ന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 61 റൺസെടുത്ത ധാലിവാളാണ് കാനഡയുടെ ടോപ് സ്‌കോറർ. ഓപ്പണിങ് വിക്കറ്റിൽ ആരോൺ ജോൺസനൊപ്പം 43 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ധാലിവാൾ കാനഡയ്ക്ക് മികച്ച തുടക്കം തന്നെ സമ്മാനിച്ചു. 16 പന്തിൽ നിന്ന് 23 റൺസെടുത്ത ജോൺസണെ യുഎസ് ടീമിലെ മറ്റൊരു ഇന്ത്യക്കാരനായ ഹർമീത് സിങ്ങാണ് പുറത്താക്കിയത്. തുടർന്നെത്തിയ പർഗാത് സിങ്ങിന് (5) കാര്യമായ സംഭാവന നൽകാനായില്ല.

എന്നാൽ മൂന്നാം വിക്കറ്റിൽ കിർട്ടനെ കൂട്ടുപിടിച്ച് 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ധാലിവാൾ സ്‌കോർ 100 കടത്തി. 15-ാം ഓവറിൽ ധാലിവാളിനെ പുറത്താക്കി മുൻ ന്യൂസീലൻഡ് താരം കോറി ആൻഡേഴ്സനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. കിർട്ടൺ 31 പന്തിൽ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 51 റൺസെടുത്തു.

അവസാന ഓവറുകളിൽ ശ്രേയസ് മൊവ്വ നടത്തിയ കടന്നാക്രമണമാണ് കാനഡ സ്‌കോർ 194-ൽ എത്തിച്ചത്. വെറും 16 പന്തിൽ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം മൊവ്വ 32 റൺസോടെ പുറത്താകാതെ നിന്നു. ദിൽപ്രീത് സിങ്ങാണ് (11) പുറത്തായ മറ്റൊരു താരം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: