പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ച് പീഡന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഭദോഹിയിലാണ് സംഭവം. വിവേക് കുമാർ എന്ന ഇരുപത്താറുകാരനാണ് അറസ്റ്റിലായത്. സോനു എന്നപേരിലറിയപ്പെടുന്ന ഇയാൾ ഈ വർഷം ജനുവരി മുതൽ പതിനഞ്ചുകാരിയായ പെൺകുട്ടിയെ തുടർച്ചയായി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.
പീഡന വിവരം ആരോടെങ്കിലും പറഞ്ഞാൽ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സോനു പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രതിയെന്ന് ഭദോഹി സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് കുമാർ പറഞ്ഞു. വെള്ളിയാഴ്ചയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഇതോടെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഞായറാഴ്ച വിവേക് കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് എസ്എച്ച്ഒ മനോജ് കുമാർ പറഞ്ഞു. മറ്റാരെങ്കിലും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണ്. സമൂഹമാധ്യമങ്ങളിൽ നിന്നും പീഡന വീഡിയോ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുയാണെന്നും പൊലീസ് അറിയിച്ചു.
