ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യക്ക് സുവർണ നേട്ടം. ഏഷ്യൻ ഗെയിംസിന്റെ അഞ്ചാം ദിവസം ഇന്ത്യക്ക്. സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ, ശിവ നർവാൾ സംഘമാണ് ഇന്ത്യയ്ക്ക് അഭിമാനമായത്.
1734 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വർണം നേടിയത്. ചൈനീസ് താരങ്ങൾ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ഇന്ത്യൻ താരങ്ങളെക്കാൾ ഒരു പോയിന്റ് പിന്നിലായി. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ സറബ്ജോത് സിംഗ്, അർജുൻ സിംഗ് ചീമ എന്നിവർ ഫൈനലിലും പ്രവേശിച്ചിട്ടുണ്ട്. അൽപ്പസമയത്തിനകം ഫൈനൽ മത്സരങ്ങൾ നടക്കും.
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യൻ താരങ്ങൾ ഇതിനോടകം 13 മെഡലുകൾ നേടിക്കഴിഞ്ഞു. അതിൽ ഏഴ് മെഡലുകൾ നേടിയത് ഇന്നലെയാണ്. ആകെ ഇന്ത്യയ്ക്ക് 24 മെഡലുകൾ സ്വന്തമാക്കാൻ കഴിഞ്ഞു. ആറ് സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടിക്കഴിഞ്ഞു. മെഡൽ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്
