മംഗളൂരു: കാമുകിയുമൊത്തുള്ള സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിയെ തുടർന്ന് യുവാവ് ലോഡ്‌ജ് മുറിയിൽ തൂങ്ങിമരിച്ചു. കാർക്കാള നിട്ടെ പരപ്പടി സ്വദേശിയായ അഭിഷേക് ആചാര്യ(23) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം കാർക്കാള ബെൽമാനിലെ ഒരു സ്വകാര്യ ലോഡ്‌ജിലാണ് സംഭവം.
മംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌തുവരുന്ന അഭിഷേക് ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. യുവതിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ അഭിഷേക് മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ സുഹൃത്തുക്കൾ കാണുവാനിടയായി. തുടർന്ന് ഈ അവിഹിത ബന്ധത്തെക്കുറിച്ച് അറിഞ്ഞുവെന്നും സ്വകാര്യ വീഡിയോ വൈറലാക്കുമെന്നും അഭിഷേകിനെ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. തുടർച്ചയായ മാനസിക പീഡനത്തിലും അപമാനത്തിലും മനംനൊന്താണ് അഭിഷേക് ജീവനൊടുക്കിയതെന്നാണ് ആത്മഹത്യാകുറിപ്പിൽനിന്ന് വ്യക്തമാകുന്നത്. ബ്ലാക്ക് മെയിൽ ചെയ്‌തുകൊണ്ടിരുന്ന നാല് വ്യക്തികളുടെ പേരുകൾ പരാമർശിച്ച് ഒരു മരണക്കുറിപ്പ് എഴുതിവെച്ചാണ് ലോഡ്‌ജ് മുറിയിൽ അഭിഷേക് തൂങ്ങിമരിച്ചത്. കാർക്കള റൂറൽ പൊലീസ് സംഭവസ്ഥലം സന്ദർശിച്ചു. ആത്മഹത്യാ കുറിപ്പും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. അഭിഷേകിന്റെ മൊബൈൽ ഫോണിൽ നിന്ന് ഡാറ്റ വീണ്ടെടുത്തതിനുശേഷം മാത്രമേ ആത്മഹത്യയ്ക്ക് പിന്നിലെ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു


