ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് ഉള്ളിലുണ്ടായിരുന്ന കോടികൾ വിലമതിക്കുന്ന ലക്ഷ്വറി കാർ കത്തിനശിച്ചു. ലോറിയിലുണ്ടായിരുന്ന 1.38 കോടി രൂപ വിലവരുന്ന ബെൻസ് കാറാണ് പൂർണ്ണമായും കത്തിയത്. ശനിയാഴ്ച രാവിലെ കടുത്തുരുത്തി ബൈപ്പാസ് റോഡിലായിരുന്നു അപകടം. സംഭവത്തിൽ ആളപായമില്ല.
ഏറ്റുമാനൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പുതിയ കാറുമായി പോവുകയായിരുന്നു കണ്ടെയ്‌നർ ലോറി. ലോറിയുടെ പിൻഭാഗത്തായിരുന്നു കാർ സൂക്ഷിച്ചിരുന്നത്. യാത്രാമധ്യേ അപ്രതീക്ഷിതമായി ലോറിക്ക് തീപിടിക്കുകയായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവർ ലോറി നിർത്തി പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
തീപിടിത്തത്തിൽ ലോറിയും കാറും പൂർണ്ണമായി കത്തിയമർന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയാണ് കൂടുതൽ പ്രദേശങ്ങളിലേക്ക് തീ പടരാതെ അണച്ചത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.


