അമരാവതി: ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടയില്‍ ജീവനക്കാർക്ക് ലഭിച്ച ഒരു ഇരുപത് രൂപ നോട്ട് കണ്ട് എല്ലാവരും അമ്പരന്നു.
സ്വന്തം അമ്മായിയുടെ മരണം ആവശ്യപ്പെട്ടുകൊണ്ട് ഒരാള്‍ എഴുതിയ കുറിപ്പായിരുന്നു ആ നോട്ടില്‍ ഉണ്ടായിരുന്നത്. വിചിത്രവും ഭയപ്പെടുത്തുന്നതുമായ ഈ മരണാഭ്യർത്ഥന അടങ്ങിയ നോട്ടിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അനന്തപൂർ ജില്ലയിലെ സുബ്രഹ്മണ്യേശ്വര സ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലാണ് ഈ നോട്ട് കണ്ടെത്തിയത്. ഭക്തർ സമർപ്പിച്ച പണം എണ്ണുന്നതിനിടയില്‍ നോട്ടിലെ എഴുത്ത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാർ അത് വായിച്ചു നോക്കുകയായിരുന്നു. സാധാരണയായി ആളുകള്‍ ദൈവത്തോട് ചോദിക്കാറുള്ള ആരോഗ്യം, പണം, വിവാഹം, കുട്ടികള്‍ അല്ലെങ്കില്‍ വിജയം എന്നിവയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയായിരുന്നില്ല അത്. പകരം, ദൈവത്തിന് മുന്നില്‍ സമർപ്പിച്ച തികച്ചും അസ്വസ്ഥതപ്പെടുത്തുന്ന ഒരു ആവശ്യമായിരുന്നു അത്.
റിപ്പോർട്ടുകള്‍ പ്രകാരം, സ്വന്തം അമ്മായിയില്‍ നിന്നുള്ള പീഡനം സഹിക്കാൻ കഴിയാത്തതിനാലാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതിയതെന്നും, അവർ എത്രയും വേഗം മരിച്ചുപോകാൻ അനുഗ്രഹിക്കണമെന്നുമാണ് ഈ വ്യക്തി ദൈവത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടില്‍ എഴുതിയിരുന്ന കാര്യങ്ങള്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ജീവനക്കാരെയും ഭാരവാഹികളെയും ഏറെ ഞെട്ടിച്ചു.
“സ്വാമി, എന്റെ അമ്മായിയുടെ പീഡനം എനിക്ക് ഇനി സഹിക്കാൻ കഴിയില്ല. അവർ എത്രയും വേഗം മരിക്കുമെന്ന് ദയവായി ഉറപ്പാക്കണമേ,” എന്നായിരുന്നു കുറിപ്പില്‍ ഉണ്ടായിരുന്നത്.
ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളില്‍ പണത്തോടൊപ്പം ഭക്തർ എഴുതിയ പ്രാർത്ഥനകളും അപേക്ഷകളും കാണാറുണ്ട്. രോഗങ്ങളില്‍ നിന്നുള്ള മുക്തി, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കുള്ള പരിഹാരം, പരീക്ഷയിലെ വിജയം, ജോലി, വിവാഹം അല്ലെങ്കില്‍ കുടുംബ സമാധാനം എന്നിവയ്ക്കായുള്ള അപേക്ഷകളാണ് ഭൂരിഭാഗം ആളുകളും സമർപ്പിക്കാറുള്ളത്. എന്നാല്‍, ഈ ഇരുപത് രൂപ നോട്ടിലെ സന്ദേശം സാധാരണ പ്രാർത്ഥനകള്‍ക്ക് വിപരീതമായി കടുത്ത ദേഷ്യവും കയ്പ്പും നിറഞ്ഞതായതുകൊണ്ടാണ് ഇത് ഇത്രയധികം ശ്രദ്ധിക്കപ്പെട്ടത്.
ഈ കുറിപ്പ് എഴുതിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഏത് ദിവസമാണ് ഈ നോട്ട് കാണിക്കവഞ്ചിയില്‍ ഇട്ടതെന്ന കാര്യത്തിലും വ്യക്തതയില്ല.
ഈ വിചിത്രമായ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് കുറിച്ചത്, “ആളുകള്‍ ദൈവത്തിന് 20 രൂപ കൊടുത്തു കൊലപാതകത്തിന് ക്വട്ടേഷൻ നല്കുകയാണല്ലോ” എന്നാണ്. ആ അമ്മായി ആരാണെന്ന് കണ്ടെത്തി അവരുടെ ജീവന് ഭീഷണിയുണ്ടെന്ന കാര്യം അവരെ അറിയിക്കണമെന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്….


