വെമ്പായം:കന്യാകുളങ്ങര ഹോസ്പിറ്റലിലെ ജീവനക്കാരുടെ നിയമനങ്ങളിൽ നേതാക്കൾക്കെതിരെയുള്ള കോൺഗ്രസ് പ്രവർത്തകരുടെ തന്നെ ആരോപണവും പ്രചരണവും ഗൗരവകരവും നേതാക്കളുടെ അഴിമതിയും കൈക്കൂലിയും തുറന്നു കാട്ടുന്നതുമാണെന്ന് എസ്ഡിപിഐ ആരോപിച്ചു.
യുഡിഎഫ് ഭരിക്കുന്ന വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കന്യാകുളങ്ങര ഹോസ്പിറ്റലിൽ എച്ച് എം സി യുടെ കീഴിൽ വരുന്ന താൽക്കാലിക ജീവനക്കാരുടെ നിയമനത്തിലാണ് പ്രവർത്തകർ തന്നെ നേതാക്കൾക്കെതിരെ സാമ്പത്തിക, ബന്ധു നിയമന ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. മുൻ ഡിസിസി പ്രസിഡൻ്റിനെതിരെയും നിലവിലെ ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെയുള്ള ആരോപണം ഗൗരവമായി കണ്ട് മുഴുവൻ നിയമനങ്ങളും റദ്ദ് ചെയ്യുകയും നിയമനത്തിലെ അഴിമതി അന്വേഷിക്കുകയും ചെയ്യണമെന്ന് എസ് ഡി പി ഐ നെടുമങ്ങാട് മണ്ഡലം പ്രസിഡൻ്റ് അജിം ചിറമുക്ക് ആവശ്യപ്പെട്ടു.
10 വർഷത്തിലധികമായി ജോലി ചെയ്തു വരുന്നവരെ ബോധപൂർവം ഒഴിവാക്കുന്നതിന് കൂടി വേണ്ടിയിട്ടാണ് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രഹസനമായി പുതിയ ഇന്റർവ്യൂ നാടകം നടത്തിയത്. വിധവകളും, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷകർത്താക്കളും ഉൾപ്പെടെയുള്ളവരെ പിരിച്ചുവിടുന്ന മനുഷ്യത്വരഹിതമായ തീരുമാനം എടുത്തു കൊണ്ടാണ് സാമ്പത്തികവും രാഷ്ട്രീയവും നോക്കിയുള്ള നിയമനങ്ങൾക്ക് വാമനപുരം ബ്ലോക്ക് പഞ്ചായത്ത് നടപടി സ്വീകരിച്ചത്.
ആയതിനാൽ സംസ്ഥാന ആരോഗ്യവകുപ്പ് ഇടപെട്ട് കന്യാകുളങ്ങര ഹോസ്പിറ്റലിൽ നടത്തിയ മുഴുവൻ നിയമങ്ങളും റദ്ദാക്കണമെന്നും, ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടായി സാമ്പത്തിക,ബന്ധു നിയമനങ്ങളിൽ കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്നും എസ് ഡി പി ഐ ആവശ്യപ്പെട്ടു


